
ഈ മാസം 18ന് വൈകിട്ട് പന്നിയങ്കര വി കെ കൃഷ്ണമേനോർ റോഡിൽ വച്ച് പന്നിയങ്കര സ്വദേശിനിയായ വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ച് കടന്ന് കളഞ്ഞ പ്രതി പിടിയിൽ. നല്ലളം ളളിശ്ശേരിക്കുന്ന് നടവട്ടം പറമ്പ് ആയിഷാസിൽ നവാസ് അലി (39) ആണ് പിടിയിൽ ആയത്.
തിരുനിലം വയൽ സ്വദേശിനി ശീലാവതിയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയാണ് ഇയാൾ സ്കൂട്ടറിൽ എത്തി പൊട്ടിച്ച് കടന്നുകളഞ്ഞത്.
ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണർ എ എം സിദ്ദീഖിൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും പന്നിയങ്കര ഇൻസ്പെക്ടർ എസ് സതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് ഇന്നലെ രാവിലെ കോഴിക്കോട് അഴകൊടി ക്ഷേത്രം റോഡിനടുത്തുള്ള തിരുത്തിയാട് മെൻസ് ഹോസ്റ്റൽ പരിസരത്ത് വെച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
സംഭവ ദിവസം തന്നെ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഫറോക്ക് ക്രൈം സ്ക്വാഡിന് പ്രതി സഞ്ചരിച്ച സ്കൂട്ടറിനെ പറ്റി വ്യക്തമായ വിവരം ലഭിച്ചിരുന്നു. സ്കൂട്ടർ കസബ പോലീസ് സ്റ്റേഷൻ പരിധിയിലെ ചാലപ്പുറത്തു നിന്നും മോഷ്ടിച്ചതായിരുന്നു.
പ്രതിയുടെ CCTV ദൃശ്യങ്ങളിൽ നിന്നും സമാന കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ട
പ്രതികളെ പറ്റിയുള്ള അന്വേഷണത്തിലാണ് അഞ്ചോളം സമാന കേസുള്ള നവാസ് അലിയിലേക്ക് അന്വേഷണം എത്തിയത്.
പ്രതി സ്കൂട്ടർ മോഷ്ടിക്കുന്നതിന് മുൻപ് ചാലപ്പുറം ഭാഗത്ത് വച്ച് വയോധികയെ ഉപദ്രവിച്ച് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. അതിനു ശേഷമാണ് സ്കൂട്ടർ മോഷ്ടിച്ച് കടന്നത്.
തുടർന്ന് പന്നിയങ്കര സ്റ്റേഷൻ പരിധിയിൽ നിന്നാണ് തനിച്ച് നടന്ന് പോവുകയായിരുന്ന ശീലാവതിയെ പിൻതുടർന്ന് മാലപൊട്ടിച്ച് കടന്ന് കളഞ്ഞത്.
സംഭവത്തിന് ശേഷം വാഹനം സിറ്റിയിൽ ഉപേക്ഷിച്ച് സ്വർണ്ണം വിറ്റ് കർണ്ണാടകയിലെ വിവിധ ഭാഗങ്ങളിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു.
പ്രതി സ്ഥിരമായി മയക്കു മരുന്ന് ഉപയോഗിക്കുന്നയാളാണ്.
പ്രതിയെ അന്വേഷിച്ച് ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങൾ ഗുണ്ടൽപേട്ട്, മൈസൂർ ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇന്നലെ രാവിലെ പ്രതി കോഴിക്കോട് എത്തി പുതിയ ഇരകളെ കണ്ടെത്താൻ ശ്രമിക്കുന്ന സമയത്താണ് ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളുടെ പിടിയിലായത്.
പ്രതിക്ക് മുൻപ് സ്വർണ്ണമാല പൊട്ടിച്ച് കടന്ന് കളഞ്ഞതിനും
സ്ത്രീകളെ ശല്യം ചെയ്തിനും
പന്നിയങ്കര, നല്ലളം സ്റ്റേഷനുകളിലും വാഹന മോഷണത്തിന് കസബ പോലീസ് സ്റ്റേഷനിലും കേസ്സുകൾ ഉണ്ട്.
പന്നിയങ്കര എസ് ഐ പ്രസന്നകുമാർ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുമെന്ന് ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണർ എ എം സിദ്ദീഖ് അറിയിച്ചു.
പന്നിയങ്കര സ്റ്റേഷനിലെ എസ് സി പി ഓ മാരായ ദിലീപ്, ശരത്ത് രാജൻ, സി പി ഒ പ്രജീഷ്, ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ സുജിത്ത് കെ, അസി. സബ് ഇൻസ്പെക്ടർ അരുൺ കുമാർ മാത്തറ, സീനിയർ സി.പി.ഒ മാരായ ഐ.ടി വിനോദ്, അനുജ് വളയനാട്, സി .പി.ഒ മാരായ സനീഷ് പന്തിരാങ്കാവ്, സുബീഷ് വേങ്ങേരി , അഖിൽ ബാബു എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.