
ഫറോക്ക് ഗവ.താലൂക്ക് ആശുപത്രിയിൽ നിർമിച്ച പുതിയ കെട്ടി ടസമുച്ചയം നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും.
കിഫ്ബി ഫണ്ടിൽ 23.5 കോടി രൂപ ചെലവിട്ടാണ് 4 നിലകളിലായി 103 കിടക്കകളുള്ള ആശുപത്രി സമുച്ചയം നിർമിച്ചിരിക്കുന്നത്. 47,806 ചതുരശ്ര അടി വിസ്തൃതിയാണുള്ളത്. പൊതുമേഖലാ സ്ഥാപനമായ വാപ്കോസിന്റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ ആശുപത്രിയിലേക്ക് ആവശ്യമായ ചികിത്സാ ഉപകരണങ്ങൾ എത്തിച്ചു തുടങ്ങി.
വിവിധ സ്പെഷ്യൽറ്റികൾ, എക്സ്റേ, ഫാർമസി, ഒപി വിഭാഗം, എമർജൻസി, മൈനർ ഓപ്പറേഷൻ തിയറ്റർ, ട്രോമാകെയർ യൂണിറ്റ് എന്നിവ പുതിയ കെട്ടിടത്തിന്റെ താഴെ നിലയിൽ പ്രവർത്തിക്കും. അൾട്രാ സൗണ്ട് സ്കാനിങ്, ആധുനിക ലബോറട്ടറി, സ്റ്റാഫ് മുറി, ജീവിതശൈലി രോഗ നിർണയ ക്ലിനിക് എന്നിവ ഒന്നാം നിലയിലാണ് സജ്ജീകരിക്കുന്നത്.
45 കിടക്കകളുള്ള പുരുഷൻമാരുടെ പ്രധാന വാർഡ് രണ്ടാം നിലയിലും 44 കിടക്കകളുള്ള വനിതാ വാർഡ് മൂന്നാം നിലയിലുമാണു ക്രമീകരിക്കുന്നത്. പൂർണമായും ഹരിതചട്ടം പാലിച്ച് ഭിന്നശേഷി സൗഹൃദമായി നിർമിച്ച ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ്, പാർക്കിങ് സൗകര്യം, മലിനജല ശുദ്ധീകരണ സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനും വിപുലമായ സൗകര്യങ്ങൾ സജ്ജമാക്കി.
ഫറോക്ക്, രാമനാട്ടുകര നഗരസഭകൾ, കോർപറേഷൻ ചെറുവണ്ണൂർ, ബേപ്പൂർ മേഖല, കടലുണ്ടി, ചേലേമ്പ്ര, ചെറുകാവ്, വാഴയൂർ, വള്ളിക്കുന്ന് പഞ്ചായത്തുകളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് രോഗികൾ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുന്നതോടെ ജനങ്ങൾക്ക് ആരോഗ്യ സേവനം കുടുതൽ ഫലപ്രദമാകും.
എല്ലാ വിഭാഗം വിദഗ്ധ ഡോക്ടർമാരുടെയും സേവനവും ലഭ്യമാകും എന്നത് പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസകരമാണ്. കൂടാതെ ആർദ്രം പദ്ധതി വിഭാവനം ചെയ്യുന്ന സമഗ്ര ആരോഗ്യ പരിരക്ഷ എല്ലാവർക്കും ഉറപ്പാക്കാനുമാകും.