
ഫറോക്ക് താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
നാലു നിലകളിലായി 47,806 ചതുരശ്രയടിയിൽ 103 കിടക്കകളുള്ള പുതിയ കെട്ടിടം. വിവിധ സ്പെഷ്യാലിറ്റി ഒ പി കൾ, ഓപ്പറേഷൻ തിയേറ്ററുകൾ, ഓക്സിജൻ പ്ലാൻ്റ്, ട്രോമാ കെയർ യൂണിറ്റ്, നൂതന ലാബുകൾ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളും. ഇന്ന് നാടിനു സമർപ്പിച്ച ഫറോക്ക് താലൂക്ക് ആശുപത്രിയിലെ പുതിയ മന്ദിരത്തിൽ ഒരുക്കിയ സൗകര്യങ്ങളാണിത്.
പൂർണ്ണമായും ഹരിതചട്ടം പാലിച്ച് നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടത്തിൽ മാലിന്യസംസ്ക്കരണത്തിനും മലിനജല ശുദ്ധീകരണത്തിനും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുമുണ്ട്. ഡയാലിസിസ് യൂണിറ്റ്, ഒഫ്താൽമിക് ഓപ്പറേഷൻ തിയറ്റർ, പീഡിയാട്രിക് ഐ സി യു തുടങ്ങിയവ കഴിഞ്ഞ എൽ ഡി എഫ് സർകാരിൻ്റെ കാലത്തു തന്നെ ആരംഭിച്ചിരുന്നു.
കിഫ്ബി ഫണ്ടിൽ നിന്ന് 23.5 കോടി രൂപയാണ് പുതിയ കെട്ടിടത്തനായി ചെലവിട്ടത്.ഏറ്റവും സാധാരണക്കാരനായ ഒരാൾക്കും മികച്ച ചികിത്സയും ആരോഗ്യ പരിരക്ഷയും ഉറപ്പു വരുത്തുന്നതിനായി പൊതു ആരോഗ്യമേഖലയെ കൂടുതൽ ശാക്തീകരിക്കേണ്ടതുണ്ട് എന്ന ഉറച്ച ബോധ്യത്തോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. അതിൻ്റെ തെളിവാണ് ഇന്ന് ഫറോക്കിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ ആശുപത്രി മന്ദിരം എന്ന് മുഖ്യമന്ത്രി പറഞ്ഞു.