
മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനൊപ്പം വന്യജീവികളെ അവരുടെ ആവാസവ്യവസ്ഥയിൽ നിലനിർത്തുന്നതിന് തുല്യപ്രാധാന്യം നൽകുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നതെന്നും ഇതിൻ്റെ ഭാഗമായി വന്യജീവികൾക്കുള്ള സ്വാഭാവിക ആവാസവ്യവസ്ഥ വനത്തിനുള്ളിൽ തന്നെ സൃഷ്ടിക്കാൻ മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വന്യജീവികൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും വനത്തിൽ തന്നെ ലഭിക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കും. ഇതിനായി കുളങ്ങളും ജലാശയങ്ങളും നവീകരിക്കും. വന്യജീവികൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭ്യമാക്കുന്നതിന് ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കും. മനുഷ്യ – വന്യ ജീവി സംഘർഷം ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി ഇതിനകം 1,584 ഹെക്ടർ പ്രദേശത്തെ സ്വാഭാവിക വനങ്ങളാക്കി മാറ്റിക്കഴിഞ്ഞു. വിവിധ സർക്കിളുകളിലായി 5,031 ഹെക്ടർ പ്രദേശത്ത് ഇതിനായുള്ള പ്രവൃത്തികൾ നടന്നുവരികയാണ്. വനാതിർത്തികളിൽ സോളാർഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അക്കേഷ്യ, യൂകാലിപ്സ് തുടങ്ങിയ അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും ഇതോടൊപ്പം സ്വീകരിക്കും. ഇതിലൂടെ വന്യജീവികൾ ജനവാസ മേഖലകളിലേക്ക് വരുന്നത് വലിയതോതിൽ കുറയ്ക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 884 പേരാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 594 പേർ വനത്തിന് പുറത്ത് പാമ്പ്, കടന്നൽ തുടങ്ങിയവയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അഞ്ച് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കായി 79.14 കോടി രൂപ നഷ്ടപരിഹാരം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
വന്യജീവി ആക്രമണം ചെറുക്കുന്നതിനായി 3,255 സന്നദ്ധ അംഗങ്ങൾ ഉൾക്കൊള്ളുന്ന 327 പ്രൈമറി റെസ്പോൺസ് ടീമുകൾക്ക് സംസ്ഥാനം രൂപം നൽകിയിട്ടുണ്ട്. ഇത്തരം പ്രാഥമിക പ്രതികരണ സംഘങ്ങൾക്ക് രൂപം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വന്യജീവികൾ നാട്ടിൽ ഇറങ്ങി ആക്രമണം നടത്തുന്നത് പ്രതിരോധിക്കാൻ ഒമ്പത് ആർ ആർ ടികൾ പുതുതായി രൂപീകരിച്ചു. ഇതോടെ കേരളത്തിലെ ആർ ആർ ടികളുടെ എണ്ണം 28 ആയി.
സംസ്ഥാനതലത്തിൽ പരിഹരിക്കാൻ സാധിക്കാത്ത പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന്റെ അടിയന്തര ശ്രദ്ധയിൽ എത്തിക്കും.
വന്യജീവി സംഘർഷം തടയുന്നതിനും നടപടികൾ ലഘൂകരിക്കുന്നതിനും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാവുന്നില്ല. കൃഷിനാശം ഉണ്ടാക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. അപകടകാരികളായ മൃഗങ്ങളെ സംസ്ഥാന സർക്കാരിന് വെടിവെച്ച് കൊല്ലാം എന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ നടപടിക്രമങ്ങൾ അതിസങ്കീർണ്ണമാണ്. ഇത് ലഘൂകരിക്കുന്നതിനുള്ള നടപടികൾ ഉണ്ടാവുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ വനം-വന്യജീവി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു.
വന്യജീവിആക്രമണം അനുഭവപ്പെടുന്ന 400 ഓളം പഞ്ചായത്തുകളാണ് കേരളത്തിലുള്ളത്. ഇതിൽ മുപ്പതോളം പഞ്ചായത്തുകളിൽ തീവ്രമായ വന്യജീവി അക്രമണമുണ്ട്. ഈ പശ്ചാത്തലത്തിലാണ് 45 ദിവസം നീളുന്ന ന മനുഷ്യ-വന്യജീവി സംഘര്ഷ ലഘൂകരണത്തിനായുള്ള തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുക. ആദ്യഘട്ടത്തിൽ പഞ്ചായത്തുകളിൽ വനം വകുപ്പിൻ്റെ ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കും. ഇതുവഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ തദ്ദേശീയമായി പരിഹരിക്കും. തുടർന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രശ്നപരിഹാരത്തിന് പ്രത്യേക സംവിധാനങ്ങളൊരുക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക.
കോഴിക്കോട് കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയല് ജൂബിലി ഹാളില് നടന്ന പരിപാടിയിൽ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സർപ്പ രണ്ടാംഘട്ട ഉദ്ഘാടനം, സർപ്പ പാഠം കൈപ്പുസ്തകത്തിന്റെ പ്രകാശനം, വനാതിർത്തിയിലെ സ്മാർട്ട് ഫെൻസിംഗ് പദ്ധതി പ്രഖ്യാപനം തുടങ്ങിയവ മന്ത്രി നിർവ്വഹിച്ചു.
ഇക്കോ ടൂറിസം മൊബൈൽ ആപ്പ് പ്രകാശനം, ആറളം ശലഭ ഗ്രാമത്തിൻ്റെ പ്രഖ്യാപനം, ഗോത്രഭേരി രണ്ടാംഘട്ട ഉദ്ഘാടനം, ‘അരണ്യം, മാസിക പ്രകാശനം എന്നിവ പട്ടികജാതി- പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പു മന്ത്രി ഒ ആർ കേളു നിർവ്വഹിച്ചു.
മേയർ ബീന ഫിലിപ്പ്, എം എൽ എമാരായ അഹമ്മദ് ദേവർകോവിൽ, ടി പി രാമകൃഷ്ണൻ, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ എം സച്ചിൻ ദേവ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്ണൻ, വനം – വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം, വനംവകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ, നോർത്തോൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി എൻ അഞ്ജൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന സർപ്പ വളണ്ടിയർ വിദ്യാ രാജുവിനെ ആദരിച്ചു.
മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണ തീവ്രയജ്ഞ പരിപാടിയിലുൾപ്പെടുത്തി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ധാരണാപത്രങ്ങൾ കെ.എഫ്.ആർ.ഐ, സ്പൈസസ് ബോർഡ്, കെ.എഫ്.ഡി.സി, ഐ.എഫ്.ഒ.സി.സി, മമ്പാട് കോളേജ് കൊച്ചിൻ കോളേജ് എന്നീ സ്ഥാപനങ്ങൾക്ക് കൈമാറി.