
കേരളത്തിൻ്റെ അടിസ്ഥാന വികസനമേഖലയിൽ പുതിയൊരു നാഴികക്കല്ലായി മാറാൻ പോകുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി ഇരട്ട തുങ്കപാതയുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന് നടന്നു. പാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
വൈകിട്ട് നാലിന് ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്കൂളിലാണ് ചടങ്ങ് നടന്നത്. പാത വരുന്നതോടെ, ബംഗളൂരു- കൊച്ചി വ്യവസായ ഇടനാഴിയിലൂടെ ചരക്കുനീക്കം എളുപ്പമാകും.
വയനാട് തുരങ്കപാത വികസനത്തിന് കുതിപ്പാകുമെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. നടക്കില്ലെന്ന് കരുതിയത് സർക്കാർ നടപ്പിലാക്കും. പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്ന് ദുരനുഭവങ്ങളാണുണ്ടായത്. വായ്പയെടുക്കാനുള്ള അർഹത കേന്ദ്രം നിഷേധിച്ചു. എല്ലാ പ്രതിബന്ധങ്ങളെയും സർക്കാർ മറികടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൻ്റെ വ്യാപാര – വാണിജ്യ – ടൂറിസം മേഖലകൾക്ക് പുതിയ കുതിപ്പ് നൽകുന്ന ഈ പദ്ധതി താമരശ്ശേരി ചുരം വഴിയുള്ള ഗതാഗത പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരമായിരിക്കും. വയനാടിനെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വപ്നസാഫല്യമാണ്.
2021 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വരുമ്പോൾ 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചിരുന്നത്. അതിൽ 33-ാമത്തെ ഇനമായി റോഡ് വികസന പദ്ധതികളുടെ കൂട്ടത്തിൽ വയനാട് തുരങ്ക പാതയും ഒരു വാഗ്ദാനമായി മുന്നോട്ടുവച്ചിരുന്നു. അതുടനെ യാഥാർത്ഥ്യമാകാൻ പോവുകയാണ്. വെല്ലുവിളികളെ മറികടന്ന് നാടിൻ്റെ വികസനം നടപ്പാക്കാൻ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്ന സർക്കാരിൻ്റെ ഇച്ഛാശക്തിയാണ് ഈ തുരങ്കപാതയിൽ പ്രതിഫലിക്കുന്നത്.
നിർമ്മാണം പൂർത്തിയാകുമ്പോൾ കേരളത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാതയാകും ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയും ഇതായിരിക്കും. പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ട് ചെയ്യുന്ന ഈ പദ്ധതിക്കായി കിഫ്ബി മുഖാന്തരം 2143 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് നൽകിയിട്ടുള്ളത്.
നാം ഇന്നു ജീവിക്കുന്നതിലും മെച്ചപ്പെട്ട പരിസ്ഥിതിയോടെ ഈ ഭൂമിയെ വരുംതലമുറയ്ക്ക് കൈമാറണം. ഒപ്പം അവർക്കുവേണ്ടി ഭാവിയെ മുന്നിൽ കണ്ടുള്ള വികസന പദ്ധതികൾ നടപ്പാക്കുകയും വേണം. അതാണ് കേരളത്തിന്റെ സുസ്ഥിര വികസന മാതൃക. ആ മാതൃകയുടെ ദൃഷ്ടാന്തമായി ലോകത്തിനു മുന്നിൽ തലയെടുപ്പോടെ നിൽക്കാൻ പോകുന്ന പദ്ധതിയായിരിക്കും ഈ തുരങ്കപാത.
ആനക്കാംപൊയില്‍ കള്ളാടി- മേപ്പാടി തുരങ്ക പാത നാലുവർഷംകൊണ്ട് പൂർത്തിയാക്കും. 8.11 കിലോമീറ്ററില്‍ ഇരട്ട തുരങ്കപാതയാണ്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 8.73 കിലോമീറ്ററാണുള്ളത്. പാതയുടെ 5.58 കിലോമീറ്റർ വയനാടും 3.15 കിലോമീറ്റർ കോഴിക്കോട് ജില്ലയിലുമാണ്.
ഇരുവഴിഞ്ഞി പുഴയില്‍ രണ്ട് പ്രധാന പാലങ്ങളും മൂന്ന് ചെറുപാലങ്ങളും ഉള്‍പ്പെടും. വനഭൂമിയുള്‍പ്പെടെ 33 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി ജൂണ്‍ 18ന് ലഭിച്ചിരുന്നു. വയനാട്ടില്‍ മേപ്പാടി-ചൂരല്‍മല റോഡുമായാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മുത്തപ്പൻപുഴ- ആനക്കാംപൊയില്‍ റോഡുമായി കോഴിക്കോടിനെയും.
ഭോപ്പാലിലെ ദിലിപ് ബില്‍ഡ്കോണ്‍, കൊല്‍ക്കത്തയിലെ റോയല്‍ ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്കാണ് കരാർ നല്‍കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് മേല്‍നോട്ടചുമതല. കിഫ്ബി ഫണ്ടാണ് ഉപയോഗിക്കുന്നത്. താമരശ്ശേരി ചുരം റോഡിലെ മണ്ണിടിച്ചിലിനെത്തുടർന്ന് വാഹനയാത്ര മുടങ്ങുന്നതിനാല്‍ തുരങ്ക പാത വലിയൊരു അനുഗ്രഹമാകും.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ എൻ ബാലഗോപാല്‍, വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, പട്ടികസമുദായ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു, എംഎല്‍എമാരായ ടി സിദ്ദിഖ്, ലിന്റോ ജോസഫ്, പിടിഎ റഹീം എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.