
ഹൃദയത്തിന്റെ വാൽവുകൾ തകരാറിലാവുന്ന അയോട്ടിക് വാൽവ് സ്റ്റെനോസിസ് എന്ന രോഗാവസ്ഥ ബാധിച്ച മാലദ്വീപ് സ്വദേശിയായ 75 വയസ്സുകാരനിൽ നൂതന ചികിത്സാരീതി വിജയകരം. ഹൃദയ വാൽവ് ചുരുങ്ങുന്നത് മൂലം രക്തയോട്ടം കുറഞ്ഞ് ഹൃദയ അറയിൽ അമിത മർദ്ദമുണ്ടാകുന്ന ഗുരുതരാവസ്ഥയാണ് അയോട്ടിക് വാൽവ് സ്റ്റെനോസിസ്. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്ന ആധുനിക ത്രീഡി സിടി സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ട്രാൻസ്കത്തീറ്റർ അയോട്ടിക് വാൽവ് ഇമ്പ്ലാന്റേഷൻ (ടാവി) ചികിത്സയിലൂടെയാണ് ഇത് ഭേദമാക്കിയത്.
കടുത്ത ശ്വാസതടസത്തെത്തുടർന്നാണ് രോഗി കിംസ്ഹെൽത്തിലെ ഒപി വിഭാഗത്തിലെത്തുന്നത്. രോഗിയിൽ നടത്തിയ വിശദ പരിശോധനയിലാണ് ഹൃദയത്തിൽ നിന്ന് ശുദ്ധരക്തം പുറത്തേക്ക് കൊണ്ടു പോകുന്ന മഹാരക്തധമനിയായ അയോട്ടയുടെ വാൽവ് ചുരുങ്ങുന്നതായി കണ്ടെത്തുന്നത്.
പ്രായാധിക്യം, അവശത തുടങ്ങിയവ പരിഗണിച്ച്, കിംസ്ഹെൽത്തിലെ കാർഡിയോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ശ്യാം ശശിധരന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ കൂടാതെ ഹൃദയത്തിന്റെ വാൽവ് മാറ്റിവയ്ക്കുന്ന അതിനൂതന ചികിത്സാ രീതിയായ ടാവി തിരഞ്ഞെടുക്കുകയായിരുന്നു. ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയ വാൽവ് മാറ്റുന്ന സാങ്കേതിക വിദ്യയാണ് ടാവി.
മറ്റ് സങ്കീർണ്ണതകൾ ഒഴിവാക്കാനും കൃത്യത ഉറപ്പ് വരുത്തുവാനുമായി ഈ ചികിത്സ ത്രീഡി സിടി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പൂർത്തിയാക്കിയത്. ഇതിലൂടെ രോഗിയുടെ ഹൃദയഘടന നന്നായി മനസ്സിലാക്കാനും വാൽവ് കൃത്യമായി മാറ്റിവച്ച് സുരക്ഷിതമായി ചികിത്സ പൂർത്തിയാക്കാനും സാധിച്ചെന്ന് ഡോ. ശ്യാം ശശിധരൻ പറഞ്ഞു.
പ്രായം കൂടിയവർ, ശ്വാസ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞവർ തുടങ്ങി ഓപ്പൺ ഹാർട്ട് സർജറിക്ക് അപകട സാധ്യത കൂടുതലുള്ള രോഗികൾക്ക് ഉത്തമമാണ് ടാവി. ഈ ചികിത്സാ രീതിയിൽ രോഗിക്ക് ചെറിയ ഒരു അനസ്തീസിയ നൽകി മയക്കി കിടത്തേണ്ട ആവശ്യമേ ഉള്ളു. ഇത് കൂടാതെ വലിയ മുറിവ് ഉണ്ടാകുന്നില്ലന്നതിനാൽ രക്ത നഷ്ടം വളരെ കുറവാണ്. കുറഞ്ഞ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വളരെ വേഗം തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോകാൻ സാധിക്കുന്നു, ഡോക്ടർ കൂട്ടിച്ചേർത്തു.
കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. രമേശ് നടരാജൻ, കാർഡിയോ തൊറാസിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷാജി പാലങ്ങാടൻ, കാർഡിയക് അനസ്തേഷ്യോളജി കൺസൾട്ടന്റ് ഡോ. എസ്. സുഭാഷ്, അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. ഹരി ദേവ് ജെ.ജെ എന്നിവരും ചികിത്സയുടെ ഭാഗമായി.