
നിർമ്മിതബുദ്ധിയുടെയും നവമാധ്യമങ്ങളുടെയും പുതിയകാലത്ത് സാഹിത്യത്തിന്റെ ആശയസ്വീകരണത്തിലും ഭാഷാവിനിയോഗത്തിലും ദ്രുതഗതിയിലുള്ള മാറ്റങ്ങൾ വന്നുവെന്നും പുതുമുറ എഴുത്തുകാർ അതിനൊത്ത ഒരു അനുവാചകസമൂഹത്തെ സൃഷ്ടിക്കുന്നുണ്ടെന്നും കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി അഭിപ്രായപ്പെട്ടു.
യുവകവി ലാസ് കാലിക്കറ്റിന്റെ മൂന്നാമത് കൃതി, 100 ചെറുകവിതകളുടെ സമാഹാരമായ ‘പീലിക്കുള്ളിലെ പുസ്തകം’ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അളകാപുരി ഹോട്ടൽ കാർത്തിക ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ കവി വീരാൻകുട്ടി ആദ്യപ്രതി ഏറ്റുവാങ്ങി.
ആഗോളഗ്രാമത്തിലെ പൗരന്മാരാകുന്ന പുതുതലമുറയുടെ അനുഭവലോകങ്ങൾ വ്യത്യസ്തമെങ്കിലും പുതുകവികൾ രചനകളിൽ പുലർത്തുന്ന വീക്ഷണവിസ്തൃതിയും വ്യാപനസാധ്യതയും ഒപ്പം മിനിമലൈസേഷനും ലാസ് കാലിക്കറ്റ് ഉൾപ്പെടെയുള്ളവരുടെ രചനകളിൽ പ്രകടമാണെന്ന് വീരാൻകുട്ടി സൂചിപ്പിച്ചു.
മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ കെ.എഫ്. ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ കഥാകാരി കെ.പി. സുധീര ആശംസാ പ്രസംഗം നടത്തി. സംസ്ഥാന ഹയർ സെക്കന്ററി സ്കൂൾ യുവജനോത്സവത്തിൽ രണ്ടുവർഷങ്ങളിൽ തുടർച്ചയായി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട യദു കൃഷ്ണ റാം ‘പീലിക്കുള്ളിലെ പുസ്തകം’ എന്ന പോക്കറ്റ് ബുക്കിന്റെ അകംപുറം ആസ്വാദനം അവതരിപ്പിച്ചത് സദസ്സിനെ ഏറെ ആകർഷിച്ചു.
പലയിടങ്ങളിൽ പലമട്ടിൽ വിദ്യാഭ്യാസവും ജീവിതവും ക്രമീകരിക്കേണ്ടി വരുന്ന പ്രവാസീ മലയാളി കുട്ടികളുടെ സാഹിത്യ ഇടപെടലിന്റെ പരിമിതികളും സാധ്യതകളും പ്രതിപാദിക്കുന്നതായിരുന്നു ലാസ് കാലിക്കറ്റിന്റെ മറുപടി പ്രസംഗം. സംഘാടക സമിതി ചെയർ പേഴ്സൺ അൻവർ കുനിമ്മൽ ആമുഖപ്രസംഗം നടത്തി. സുധീർ എ.എൽ. ആലപ്പുഴയുടെ സോളോ സംഗീതവിരുന്നും ചടങ്ങിന് മാറ്റുകൂട്ടുന്നതായി. ഇൻസൈറ്റ് പബ്ലിക്കയാണ് ‘പീലിക്കുള്ളിലെ പുസ്തകം’ പ്രസിദ്ധീകരിച്ചത്.