
ഇസാഫ് ഗ്രൂപ്പിന്റെ സ്ഥാപകനും പ്രമുഖ സോഷ്യൽ ബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസിന് ചെന്നൈ ആസ്ഥാനമായ വേൽസ് യൂണിവേഴ്സിറ്റിയിൽനിന്നും അക്കാദമിക് ഡോക്ടറേറ്റ് ലഭിച്ചു.
സാമൂഹിക സംരംഭകത്വ മേഖലയിൽ, പ്രത്യേകിച്ച് സാമൂഹിക-സാമ്പത്തിക പരിവർത്തനത്തിലും സുസ്ഥിര വികസന പ്രവർത്തനങ്ങളിലുമുള്ള സ്മോൾ ബിസിനസ് ബാങ്കുകളുടെ സ്വാധീനം എന്ന ഗവേഷണ പ്രബന്ധമാണ് പിഎച്ച്ഡിയുടെ ഭാഗമായി അവതരിപ്പിച്ചത്. യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ ഡോക്ടറേറ്റ് സമ്മാനിച്ചു.
1992ൽ സ്ഥാപിതമായ ഇസാഫിനെ രാജ്യത്തെ മുൻനിര സാമൂഹിക, സന്നദ്ധ സംഘടനയാക്കുന്നതിലും, 2017ൽ ബാങ്കിങ് ലൈസൻസ് കരസ്ഥമാക്കിയ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിനെ ഇന്ത്യയിലെ പ്രമുഖ ബാങ്കിങ് സ്ഥാപനമാക്കുന്നതിലും നേതൃത്വം വഹിച്ച കെ പോൾ തോമസ്, ചെറുകിട ധനകാര്യ സ്ഥാപനങ്ങളുടെ മൂലധന സ്വരൂപത്തിന് ആരംഭിച്ച സംഘടനയായ സാധന്റെ ചെയർമാനായും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ കേരള ഘടകം ചെയർമാനായും തൃശൂർ മാനേജ്മെന്റ് അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മൈക്രോഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് നെറ്റ്വർക്ക് (എംഎഫ്ഐഎൻ) പോലുള്ള വിവിധ സ്ഥാപനങ്ങളുടെ ബോർഡ് മെമ്പറാണ്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം പൂർത്തീകരിച്ച പോൾ തോമസിന്, കേരള കാർഷിക സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.