
മുന്‍നിര ഇരുചക്ര- മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ പ്രമുഖ കണക്റ്റഡ് ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ നോയിസുമായി ചേര്‍ന്ന് രാജ്യത്തെ ആദ്യ ഇ.വി- സ്മാര്‍ട്ട് വാച്ച് ഇന്റഗ്രേഷന്‍ പുറത്തിറക്കി. ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറിനെയും നോയിസ് സ്മാര്‍ട്ട് വാച്ചിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിലൂടെ പതിവ് സ്മാര്‍ട്ട് വാച്ച് സംവിധാനങ്ങള്‍ക്ക് പുറമെ വാഹനത്തിന്റെ ബാറ്ററി ചാര്‍ജ്, റേഞ്ച്, ടയര്‍ പ്രഷര്‍, സുരക്ഷാ അലര്‍ട്ടുകള്‍ തുടങ്ങിയ പ്രധാന വിവരങ്ങള്‍ തല്‍സമയം അറിയാന്‍ സാധിക്കും.
ഇതിനകം രാജ്യത്ത് 6.5 ലക്ഷം യൂണിറ്റുകള്‍ വിറ്റ ടിവിഎസ് ഐക്യൂബ് രാജ്യത്തെ ഏറ്റവും മികച്ച ഇവി സ്കൂട്ടറെന്ന സ്ഥാനം ഉറപ്പിച്ചു. നോയിസുമായുള്ള ഈ പുതിയ പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് വാഹനവുമായി കൂടുതല്‍ സുഗമവും സുരക്ഷിതവുമായ ബന്ധം സ്ഥാപിക്കാന്‍ വഴിയൊരുക്കും. സമാര്‍ട്ട് വാച്ചുകളുടെ ദൈനംദിന ഉപയോഗങ്ങള്‍ക്ക് പുറമെ ഇത്തരത്തിലൊരു നൂതന സംവിധാനം കൊണ്ടുവന്നതിലൂടെ ടിവിഎസ് ഐക്യൂബും നോയിസും പുതിയൊരു മാറ്റത്തിനാണ് തുടക്കമിടുന്നത്.
നിലവില്‍ ടിവിഎസ് ഐക്യൂബിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമാണ് ടിവിഎസ് ഐക്യൂബ് നോയിസ് സ്മാര്‍ട്ട്വാച്ച് ലഭിക്കുക. 2,999 രൂപ മാത്രമാണ് പ്രാരംഭ വില. സ്മാര്‍ട്ട് വാച്ചിനൊപ്പം 12 മാസത്തെ സൗജന്യ നോയിസ് ഗോള്‍ഡ് സബ്സ്ക്രിപ്ഷനും ലഭിക്കും.