
സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണിന് മുന്നോടിയായി കണ്ണൂര്‍ വാരിയേഴ്സ് ഫുട്ബോള്‍ ക്ലബിന്റെ ആരാധക കൂട്ടായ്മയായ റെഡ് മറൈന്‍സ് ആരാധകരുടെ സംഗമം സംഘടിപ്പിച്ചു.
കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലന ഗ്രൗണ്ടായ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ വൈകീട്ട് 5.30 മണിക്ക് നടന്ന പരിപാടിയില്‍ മുഖ്യ പരിശീലകന് മാനുവല്‍ സാഞ്ചസും സഹപരിശീലകന്‍ ഷഫീഖ് ഹസ്സസും, ടീമിലെ എല്ലാ താരങ്ങളും പങ്കെടുത്തു. ക്ലബിന് ആരാധകരോടുള്ള സ്നേഹം പ്രകടമാക്കുന്നതായിരുന്നു സംഘമം.
വലിയ കൈയ്യടികളോടെ റോസാപൂവ് നല്‍കിയാണ് റെഡ് മറൈന്‍സ് എല്ലാ താരങ്ങളെയും സ്വാഗതം ചെയ്തത്. സംഗമത്തില്‍ ടീമിന്റെ വരാനിരിക്കുന്ന സീസണുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആരാധകരുമായി പങ്കുവെച്ചു.
തുടര്‍ന്ന് മുഖ്യപരിശീലകന്‍ മനുവല്‍ സാഞ്ചസ് ആരധകരോട് സംവദിച്ചു. കിരീടം നേടുക എന്നതാണ് ലക്ഷ്യം ആ ലക്ഷ്യത്തിലേക്ക് നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ ആവശ്വമാണെന്ന് മാനുവല്‍ സാഞ്ചസ് ആരാധകരോട് ആവശ്വപ്പെട്ടു. സ്പാനിഷ് താരം അസിയര്‍ ഗോമസ്, ഗോള്‍കീപ്പര്‍ ഉബൈദ് സി.കെ. തുടങ്ങിയവര്‍ റെഡ് മറൈന്‍സിന് ആശംസനേര്‍ന്നു. ടീമിന്റെ ശ്വാസമായി കരുത്തായി ഞങ്ങള്‍ ഉണ്ടാകുമെന്ന് റെഡ് മറൈനേഴ്സ് പറഞ്ഞു.
‘റെഡ് മറൈനേഴ്സ് ക്യൂന്‍സ്’ വനിതകളുടെ കൂട്ടായ്മ രൂപീകരിച്ചു
കണ്ണൂര്‍ വാരിയേഴ്സ് ഫുട്ബോള്‍ ക്ലബിന്റെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സ് വനിതകള്‍ക്ക് വേണ്ടി ‘റെഡ് മറൈനേഴ്സ് ക്യൂന്‍സ്’ എന്ന പേരില്‍ പ്രത്യേകം ഘടകം രൂപീകരിച്ചു. കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ആരാധക കൂട്ടായ്മയില്‍ റെഡ് മറൈനേഴ്സ് ക്യൂന്‍സിനെ പ്രതിനിധീകരിച്ചെത്തിയ ശ്രീലക്ഷ്മി സൗഹൃദമത്സരത്തിന്റെ കിക്ക്ഓഫ് നടത്തിയാണ് റെഡ് മറൈനേഴ്സ് ക്യൂന്‍സ് ഘടകത്തിന്റെ രൂപീകരണ ഉദ്ഘാടനം നടത്തിയത്.
ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന കണ്ണൂരില്‍ വനിതകളെയും ഫുട്ബോളിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരാധക കൂട്ടായ്മ രൂപീകരിച്ചത്. കണ്ണൂര്‍ മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫെഡറേഷന് കപ്പ്, ഇ.കെ.നായനാര്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ്, ശ്രീനാരായണ ട്രോഫി, സിസര്സ് കപ്പ് തുടങ്ങിയ എല്ലാ മത്സരങ്ങളിലും കളികാണാന്‍ സ്ത്രീകളായ ആരാധകരുണ്ടായിരുന്നു. അവസാനമായി 2008 ല്‍ നടന്ന ഇ.കെ. നായനാര്‍ കപ്പില്‍ കളി കാണാനെത്തിയ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകം സ്ഥലം പോലും ഗ്യാലറിയില്‍ മാറ്റിവെച്ചിരുന്നു.