
പൂക്കാട് കലാലയത്തിലെ നൃത്ത ഗുരുനാഥന് മേപ്പയൂര്‍ ബാലന് നായര്‍ അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം കലാമണ്ഡലം ഗീത ഉദ്ഘാടനം ചെയ്തു. അനുസ്മരണത്തിന്റെ ഭാഗമായി സ്റ്റാഫ് സ്നേഹ സംഗമവും നടത്തി.
രാഘവന് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി സമ്മേളനത്തില്‍ അഡ്വ കെ ടി ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. കലാലയം പ്രിന്‍സിപ്പല്‍ ശിവദാസന്‍ മാസ്റ്റര്‍ ഉപഹാര സമര്‍പ്പണം നടത്തി.
പൂക്കാട് കലാലയത്തിന്റെ തുടക്കകാലം മുതലേയുള്ള നൃത്തകലാധ്യാപകനായിരുന്നു മേപ്പയ്യൂര്‍ ബാലന് നായര്‍. 1941 ല്‍ മേപ്പയ്യൂര്‍ കീഴ്പ്പയൂരില്‍ ജനിച്ച ബാലന് നായര്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാധാകൃഷ്ണ കഥകളിയോഗത്തില്‍ നിന്നും കഥകളി പരിശീലനവും നൃത്ത പരിശീലനവും നടത്തി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരുടെ വത്സലശിഷ്യനായിരുന്നു. ഗുരുവിനൊപ്പം ഒട്ടേറെ അരങ്ങുകളില്‍ കഥകളി വേഷങ്ങള്‍ അവതരിപ്പിച്ചു.
നൃത്താധ്യാപകനെന്നതിനൊപ്പം കലാലയത്തിന്റെ നിരവധി നൃത്തനാടകങ്ങളുടെ നൃത്തസംവിധായകനായും നടനായും അദ്ദേഹം പ്രവര്‍ത്തിച്ചു. പില്ക്കാലത്ത് പൂക്കാട് കലാലയം ഉള്ളിയേരി കേന്ദ്രത്തിന്റെ പ്രിന്‍സിപ്പാളായിരുന്നു ബാലന് മാസ്റ്റര്‍. ഒരു കാലത്ത് കോഴിക്കോട് ജില്ലയിലെ ഒട്ടുമിക്ക സ്കൂളുകളുടെയും കലാസമിതികളുടെയും വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് നൃത്ത പരിശീലനം നല്‍കിയിരുന്നത് ബാലന് മാസ്റ്ററായിരുന്നു.
നൃത്തരംഗത്ത് വലിയ ശിഷ്യ സമ്പത്ത് ഉണ്ടായിരുന്നു. കലാലയത്തെയും ഒപ്പം നൃത്തകലയേയും ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരുന്ന ബാലന് മാസ്റ്റര്‍ 2022 സെപ്തംബര്‍ 20 ന് കാലത്തിന്റെ തിരശ്ശീലയ്ക്കു പിന്നിലേക്ക് മറഞ്ഞു.