
തൊണ്ടയാട് ജങ്ഷനിൽ ഫ്ലൈഓവറിനുതാഴെ സർവീസ് റോഡിൽ ടിപ്പറിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചേവായൂർ സ്നേഹദീപം ലൈബ്രറിക്ക് സമീപം നെയ്ത്തുകുളങ്ങരയിൽ കെ.ടി. മുബൈറാണ് (40) മരിച്ചത്. ടിപ്പർ ഡ്രൈവർ പി.കെ. ശിബിലിയുടെ പേരിൽ അശ്രദ്ധമായ വാഹനം ഓടിക്കൽ, മനപ്പൂർവമല്ലാത്ത നരഹത്യ എന്നീ വകുപ്പുകളിലാണ് കേസെടുത്തത്. ഇയാളെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തു ജാമ്യത്തിൽവിട്ടു.
പാലാഴി ഭാഗത്തു നിന്ന് തൊണ്ടയാട് ജങ്ഷനിൽനിന്ന് മലാപ്പറമ്പിലേക്ക് തിരിയുന്നതിനിടെയാണ് മുബൈർ ടിപ്പറിനടിയിൽപ്പെട്ടത്. സ്കൂട്ടറിൽ നിന്ന് റോഡിൽ വീണ മുബൈറിന്റെ ശരീരത്തിലൂടെ ടിപ്പർ കയറി ഇറങ്ങുകയായിരുന്നു.
ദീർഘകാലം പ്രവാസിയായിരുന്ന മുബൈർ നാട്ടിൽ തിരിച്ചെത്തി കോൾ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: കെ.ടി. കുഞ്ഞോയി. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഫർസാന. മക്കൾ: മുഹമ്മദ് സയാൻ, മുഹമ്മദ് ഇഹ്സാൻ, ആയിഷ. സഹോദരങ്ങൾ: ഷുക്കൂർ, കബീർ, സുബൈർ, ബുഷൈർ, സുബൈദ, ഷരീഫ, ഹൈറുനിസ, സെയ്ഫുനിസ. ഖബറടക്കം ഞായറാഴ്ച ഉച്ചയോടെ വെള്ളിപറമ്പ് പള്ളിയിൽ.