
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ 13.67 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 25-ന് രാവിലെ പത്തിന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
നവജാത ശിശുമരണം തടയാന്‍ മൂന്ന് കോടി 20 ലക്ഷം രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ള ലേബര്‍ റൂം, ഓപ്പറേഷന് തീയേറ്റര്‍, ലേബര്‍ ഒ.പി, ലിഫ്റ്റ്, സ്ക്രീനിങ് ബ്ലോക്ക്, മൂന്ന് കോടി രൂപ ചെലവില്‍ സി.ടി സ്കാന്‍ യൂണിറ്റ് എന്നിങ്ങനെയാണ് ഒരുക്കിയിട്ടുള്ളത്.
സി.ടി സ്കാനിങ്ങിനായി മണ്ണാര്‍ക്കാട്, കോയമ്പത്തൂര്‍, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട സ്ഥിതിയായിരുന്നു അട്ടപ്പാടിക്കാര്‍ക്ക് നേരത്തെ ഉണ്ടായിരുന്നത്. ഇതിന് പരിഹാരമായാണ് സി.ടി സ്കാന്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

34 ലക്ഷം രൂപ ചെലവില്‍ പുതിയ ഒ.പി കെട്ടിടം, 40 ലക്ഷം രൂപ ചെലവില്‍ പുതിയ ഫിസിയോ തെറാപ്പി- സ്പെഷ്യല്‍ എഡ്യൂക്കേഷന്‍- കൗണ്‍സിലിങ്- ഡെ കെയര്‍ ആന്‍ഡ് ഫിറ്റ്നസ് സെന്റര്‍, 2.60 കോടി രൂപ ചെലവില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം, വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ 68 ലക്ഷം രൂപ ചെലവില്‍ 250 കെ.വി ഹൈ ടെന്‍ഷന്‍ ട്രാന്‍സ്ഫോര്‍മര്‍, 1.40 കോടി രൂപ ചെലവില്‍ ഫയര്‍ ഫൈറ്റിങ് സംവിധാനം, എസ്കേപ്പിങ് സ്റ്റെയര്‍, പാരപ്പറ്റ്, റാംപ്, സ്റ്റോര്‍ ഓണ്‍ കാന്റീന്, ഒരു കോടി രൂപ ചെലവില്‍ ഡയാലിസിസ്- കീമോ തെറാപ്പി കേന്ദ്രം, 22 ലക്ഷം രൂപയില്‍ ലോണ്ടറി യൂണിറ്റ് എന്നീ പ്രവര്‍ത്തനങ്ങളാണ് അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.
ഉദ്ഘാടന പരിപാടിയില്‍ അഡ്വ. എന്‍ ഷംസുദ്ദീന് എം.എല്‍.എ അധ്യക്ഷനാകും. വി.കെ ശ്രീകണ്ഠന് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.സി നീതു, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണന്, പി.രാമമൂര്‍ത്തി, ജ്യോതി അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ കെ.പി സാദിഖലി, അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രി ആര്. എം. ഒ ഡോ. കെ. മിഥുന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.വി റോഷ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.