
മികവുറ്റ യുവ ബിസിനസ്, എന്‍ജിനീയറിങ് പ്രതിഭകളെ കണ്ടെത്തുന്നതിനായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ദേശീയ തലത്തില്‍ വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന ഫ്ലാഗ്ഷിപ് പരിപാടിയായ ബിഗ് ഐഡിയ മത്സരത്തിന്റെ പതിനഞ്ചാം പതിപ്പിന് കൊച്ചി റാഡിസണ്‍ ബ്ലൂവില്‍ തുടക്കം. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നായി ലഭിച്ച മൂവായിരത്തോളം ആപ്ലിക്കേഷനുകളിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുത്ത 21 ടീമുകള്‍ വീതമാണ് 2 കാറ്റഗറികളിലായി നടക്കുന്ന മത്സരങ്ങളില്‍ മത്സരിക്കുന്നത്.
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന് കെ ചിറ്റിലപ്പിള്ളി ബിഗ് ഐഡിയ മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന ദിവസത്തിൽ എന്‍ജിനീയറിംഗ്, ഡിസൈന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടെക് ഡിസൈന്‍ മത്സരം അരങ്ങേറി, 26നും 27നും എംബിഎ വിദ്യാര്‍ത്ഥികള്‍ക്കായി ബിസിനസ്സ് പ്ലാന്‍ മത്സരവും നടക്കും.
10 ലക്ഷം രൂപ വരെയുള്ള കാഷ് പ്രൈസുകളാണ് മത്സര വിജയികളെ കാത്തിരിക്കുന്നത്. ഇരുവിഭാഗങ്ങളിലുമായി 2 സ്പെഷ്യല്‍ ജൂറി പുരസ്കാരങ്ങളും ഉണ്ടാവും. കൂടാതെ ഫൈനലിസ്റ്റുകള്‍ക്ക് വി-ഗാര്‍ഡ് ഇന്ഡസ്ട്രീസില് പ്രീ-പ്ലേസ്മെന്റ് ഇന്റര്‍വ്യൂ, സമ്മര്‍ ഇന്റേണ്‍ഷിപ് അവസരങ്ങളും ലഭിക്കും.