
മാലിന്യം എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ ഇല്ലായെന്നും എല്ലാ മാലിന്യങ്ങളും പുനരുപയോഗിക്കാവുന്നതാണെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ശാസ്ത്രവും സാങ്കേതിക വിദ്യയും അത്രയ്ക്കധികം പുരോഗമിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒന്നും പാഴ് വസ്തുകളല്ല. കക്കൂസ് മാലിന്യങ്ങളില്‍ നിന്നും കറന്റ് ഉത്പാദിപ്പിക്കാവുന്ന തരത്തിലുള്ള മാലിന്യ സംസ്കാരത്തിലേക്കാണ് ഇന്ന് കേരളം എത്തിയിരിക്കുന്നത്.
വണ്ടാഴി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മാലിന്യ സംസ്കരണ പ്ലാന്റ്, ജൈവ അജൈവ വളം നിര്‍മ്മാണ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യ സംസ്കരണം എന്ന് കേള്‍ക്കുമ്പോള്‍ മൂക്ക് പൊത്തി നടക്കുന്നതും അടുത്തുകൂടി പോവാന്‍ കൂടി കഴിയില്ല എന്നു കരുതുന്നതും വെറും തെറ്റിദ്ധാരണയാണ്. മാലിന്യം സംസ്കരിക്കാതിരിക്കുന്നതാണ് മോശമെന്നും മന്ത്രി പറഞ്ഞു.
മാലിന്യം സംസ്കരിക്കാതിരുന്നാല്‍ അവ വെള്ളത്തില്‍ കലരുകയും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. ഇപ്പോള്‍ തന്നെ കുടിവെള്ളത്തില്‍ 82 ശതമാനം മനുഷ്യ വിസര്‍ജനത്തില്‍ നിന്നുമുള്ള ബാക്റ്റീരിയ കലര്‍ന്നിട്ടുണ്ട്. അതിനു കാരണം കക്കൂസ് മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കഴിയാത്തതാണ്. അതുകൊണ്ടുതന്നെ അടുത്ത ലക്ഷ്യം കേരളത്തില്‍ എല്ലായിടത്തും കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ്റുകള് സ്ഥാപിക്കുക എന്നതാണെന്നും മന്ത്രി അറിയിച്ചു.
അതോടൊപ്പം ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കുപ്പികള്‍ എവിടെ നിന്ന് വാങ്ങിയോ അവിടെത്തന്നെ നല്‍കുക എന്ന സമ്പ്രദായമാണ് ഉണ്ടായിരുന്നത്. ജനുവരി ഒന്ന് മുതല്‍ യന്ത്രവത്കൃത സംവിധാനം വരുന്നതോടെ കുപ്പികൾ ഏതു ഔട്ട്ലെറ്റിലും നൽകി പണം വാങ്ങാൻ സാധിക്കും. കുപ്പി സ്കാന്‍ ചെയ്ത് നിക്ഷേപിച്ചാല്‍ യുപിഐ വഴി അക്കൗണ്ടിലേക്ക് പൈസ ലഭിക്കുകയോ അല്ലെങ്കില്‍ അവിടെ നിന്നും ലഭിക്കുന്ന കൂപ്പണ്‍ ഏതെങ്കിലും ഔട്ട്ലെറ്റിൽ നൽകിയാൽ പണം ലഭിക്കുന്ന രീതിയിലുള്ള സംവിധാനമായിരിക്കും ആരംഭിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂടാതെ ഈ ഭരണസമിതിയുടെ കാലാവധി തീരുന്നതിനകം വണ്ടാഴി ഗ്രാമപഞ്ചായത്തിലൊട്ടാകെ ബോട്ടില്‍ ബൂത്തുകളും ബിന്നുകളും സ്ഥാപിക്കണമെന്നും തുടര്‍ന്നും റോഡില്‍ മാലിന്യം വലിച്ചെറിയുന്നവരുണ്ടെങ്കില് അവര്‍ക്കെതിരെ കടുത്ത പിഴ ചുമത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചുമാസം കൊണ്ട് കേരളത്തിലെ റോഡുകളില്‍ മാലിന്യം നിക്ഷേപിച്ചതിന് 8.55 കോടിയാണ് പിഴ ചുമത്തിയതെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ കെ.ഡി പ്രസിഡന്റ് എം.എല്‍.എ അധ്യക്ഷനായി. വണ്ടാഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ജി സജീവ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ രമേശ്, ഡി.ടി.പി.സി എക്സിക്യൂട്ടീവ് അംഗം ടി.എം ശശി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രജനി, ആര്. ചന്ദ്രന്, വണ്ടാഴി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം. ചെന്താമരാക്ഷന്, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.