കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ ശിശുമരണ നിരക്ക് കുറക്കാന്‍ സാധിച്ചതായി ആരോഗ്യ,വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അട്ടപ്പാടി കോട്ടത്തറ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ 13.66 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ തലത്തില്‍ കേരളത്തിന്റെ ശിശുമരണനിരക്ക് അഞ്ച് ആയി കുറഞ്ഞു. അട്ടപ്പാടിയില്‍ 6.8 ആയി കുറക്കാനായത് സംസ്ഥാനത്തിന്റെ വിജയമാണ്. അട്ടപ്പാടി ജനതയുടെ ശാരീരിക-മാനസിക ആരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുന്നുണ്ട്. ഗര്‍ഭിണികള്‍ക്കായി 28 ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ അട്ടപ്പാടിയില്‍ തുടങ്ങാന്‍ കഴിഞ്ഞു. 174 അങ്കണവാടികള്‍ കേന്ദ്രീകരിച്ച് പെണ്‍ട്രിക ( ആദിവാസി സ്ത്രീകളുടെ ആരോഗ്യ വിവരശേഖരണം) കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഉന്നതികളില്‍ നടക്കുന്നുണ്ട്.
കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ആധുനിക സജ്ജീകരണങ്ങള്‍ മണ്ഡലത്തിന് പുറത്തുള്ളവരെയും ആകര്‍ഷിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയിലെ ഒ.പി ബ്ലോക്ക് , സ്ക്രീനിങ് ബ്ലോക്ക്, ഫിസിയോതെറാപ്പി ബില്‍ഡിങ്, കാന്റീന് സ്റ്റോര്‍, ഡോക്ടര്‍മാരുടെ താമസ സ്ഥലം, ഡയാലിസിസ് -കീമോതെറാപ്പി കേന്ദ്രം, റാമ്പോടുകൂടിയ ഡോര്‍മെറ്ററി, ലോ ടെന്‍ഷന്‍ – ഹൈ ടെന്‍ഷന്‍ വൈദ്യുതി സംവിധാനം, ഫയര്‍ ഫൈറ്റിങ് സിസ്റ്റം എസ്കേപ്പിങ് സ്റ്റെയര്‍, പാരപ്പറ്റ്, റാംപ് , സി.ടി സ്കാന്‍ ഇന്സ്റ്റലേഷന്, പവര്‍ ലോണ്ട്രി, നവീകരിച്ച ലേബര്‍ റൂം തുടങ്ങി 13.66 കോടി രൂപയുടെ വികസന പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടന പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്, വൈസ് പ്രസിഡന്റ് കെ.കെ മാത്യൂ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണന്, പി. രാമമൂര്‍ത്തി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എസ്. സനോജ്, കാളിയമ്മ മുരുകന്, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.പി സാദിക്കലി, കുടുംബശ്രീ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ബി.എസ് മനോജ്, കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ് പത്മനാഭന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.വി റോഷ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

