
കിനാലൂരിൽ ഭൂമിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടും പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരുടെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയർത്തികൊണ്ടുവരുമെന്ന് സിപിഐ ജില്ലാ കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാറുകൾ നിർദ്ദേശിക്കുന്ന സ്ഥലത്ത് എയിംസ് സ്ഥാപിക്കുക എന്നതാണ് കേന്ദ്ര സർക്കാർ പിന്തുടന്നുവന്ന രീതി. സ്ഥലം ഏറ്റെടുത്ത് നൽകുന്നതും അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതും സംസ്ഥാന സർക്കാറാണെന്നതാണ് ഇതിന് കാരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തിയത്. കേന്ദ്ര പ്രതിനിധികൾ എത്തി സ്ഥലം എയിംസിന് അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.
എയിംസ് ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തൃപ്തികരമാണെന്നിരിക്കവെയാണ് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയത്. ആവശ്യത്തിനുള്ള ഭൂമി സർക്കാർ ഏറ്റെടുത്തിട്ടില്ലെന്നായിരുന്നു ആദ്യ വാദം. ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ എയിംസ് ആലപ്പുഴയ്ക്കാണ് വേണ്ടതെന്ന വാദം ഉയർത്താൻ തുടങ്ങി. സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ പൂർത്തിയായി കഴിഞ്ഞ ശേഷം പദ്ധതി മറ്റൊരിടത്തേക്ക് മാറ്റണമെന്ന വാദം അംഗീകരിക്കാൻ കഴിയാത്തതാണ്.
ജില്ലയിലെ യുഡിഎഫ് എംപി ഉൾപ്പെടെ പാർലമെന്റിൽ കാര്യമായി ഇടപെടാത്തതിന്റെ പ്രത്യാഘാതമാണ് ജില്ല ഇപ്പോൾ അനുഭവിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ എയിംസ് കോഴിക്കോടിന് ലഭിക്കാൻ ആവശ്യമായ ശക്തമായ ഇടപടലുകൾക്കും പ്രക്ഷോഭങ്ങൾക്കും സിപിഐ നേതൃത്വം നൽകുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് പറഞ്ഞു. എയിംസ് കോഴിക്കോട് സ്ഥാപിക്കാനുള്ള നീക്കം അട്ടിമറിക്കുന്നത് സംബന്ധിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള കോഴിക്കോട്ടെ ബിജെപി നേതൃത്വത്തിന്റെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കണമെന്നും അഡ്വ. പി ഗവാസ് പ്രസ്താവനയിൽ പറഞ്ഞു.