കാലവര്‍ഷത്തില്‍ വയനാട് ജില്ലയില്‍ നടപ്പിലാക്കിയ ദുരന്ത പ്രതിരോധ, അപകടരഹിത മണ്‍സൂണ്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ താത്പര്യമറിയിച്ച് ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. പ്രകൃതി ദുരന്തങ്ങള്‍ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, ജില്ലാ ഭരണകൂടം, ദുരന്ത നിവാരണ അതോറിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ മുന്‍കരുതല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അപകട മരണങ്ങളില്ലാത്ത മഴക്കാല പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയാണ് ലക്ഷ്യം.
തുടര്‍ച്ചയായി മൂന്ന് കാലവര്‍ഷങ്ങളില്‍ ഹിമാചലില്‍ സംഭവിച്ച പ്രകൃതി ദുരന്തം, നാശനഷ്ടങ്ങള്‍, അപകട മരണങ്ങള് എന്നിവ കണക്കിലെടുത്താണ് ജില്ല സ്വീകരിച്ച ദുരന്ത പ്രതിരോധ മാര്‍ഗങ്ങള്‍ പഠിക്കാന്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി താത്പര്യം അറിയിച്ചത്.
ജില്ലാ കളക്ടര്‍, ജില്ലാ ഭരണകൂട ഉദ്യോഗസ്ഥര്‍, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് മുഖേന വിവരങ്ങള്‍ അറിയാനാണ് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി താത്പര്യമറിയിച്ചത്. ഇതിന്റെ ഭാഗമായി ഹിമാചല്‍പ്രദേശ് ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി.
കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഹിമാചല്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.കെ പന്തിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം സംസ്ഥാന റവന്യൂ-ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ എന്നിവരുമായി ആദ്യഘട്ട കൂടിക്കാഴ്ച നടത്തും. ശേഷം ഹിമാചല്‍ മുഖ്യമന്ത്രിയുമായി വയനാട്ടിലെ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കും. ഒക്ടോബര്‍ 26 ന് ഓണ്‍ലൈനായി ആദ്യ കൂടിക്കാഴ്ച നടത്താനാണ് ഹിമാചല്‍പ്രദേശ് ചീഫ് സെക്രട്ടറി താത്പര്യം അറിയിച്ചത്.
കാലവര്‍ഷത്തില്‍ ജില്ല നടപ്പാക്കിയ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ താത്പര്യമറിയിച്ചത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മണ്‍സൂണിന് മുന്നോടിയായി ഭരണകൂടം സ്വീകരിച്ച മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജില്ലയില്‍ മഴക്കാലപൂര്‍വ്വ അപകട മരണങ്ങള് ഒഴിവാക്കാന്‍ സാധിച്ചതെന്നും ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ പറഞ്ഞു.
ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായി നിരന്തരം വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിച്ചു. മഴക്കാലപൂര്‍വ്വ മുന്‍കരുതലിനായി മുപ്പതിലധികം തവണ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗങ്ങള്‍ ചേര്‍ന്നു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍, മരങ്ങള്‍, കേബിളുകള്‍, വൈദ്യുതി ലൈനുകള്‍ മാറ്റി. പ്രദേശിക തലത്തില്‍ വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
സ്കൂളുകളില്‍ ദുരന്തനിവാരണ ക്ലബ്ബുകളിലിലൂടെ ദുരന്ത പ്രതിരോധ പ്രചാരണം നടത്തി. വാര്‍ഡ് തലത്തില്‍ പ്രത്യേക ദുരന്തനിവാരണ പദ്ധതി തയ്യാറാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയം സഹകരണത്തോടെയാണ് അപകടമരണമില്ലാത്ത മഴക്കാലമെന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

