നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (NIT Calicut) ഉം സർവേ ഓഫ് ഇന്ത്യയും തമ്മിൽ ജിയോ-സ്പേഷ്യൽ (ഭൂമിശാസ്ത്രപരമായ) ശാസ്ത്രങ്ങളിൽ ഗവേഷണം, പരിശീലനം, പ്രായോഗിക അറിവ് എന്നിവ വർദ്ധിപ്പിക്കുന്ന ലക്ഷ്യത്തോടെയുള്ള സുപ്രധാന ധാരണാപത്രം (MoU) ഒപ്പുവെച്ചു.
എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ കരാറിൽ ഒപ്പുവെച്ചത്.സർവേ ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കജ് കുമാർ (കേരള-ലക്ഷദ്വീപ് വിംഗ് ഇൻചാർജ്) ധാരണാപത്രത്തിൽ ഒപ്പുവെച്ചു.എൻ.ഐ.ടി കാലിക്കറ്റിന് വേണ്ടി ഡോ. മുരളി കെ.പി. (ചെയർപേഴ്സൺ, CIIR -) ഒപ്പുവെച്ചു.
ചടങ്ങിൽ ഡോ. സന്ധ്യാറാണി (ഡീൻ – ഗവേഷണവും കൺസൾട്ടൻസിയും), വിവിധ വിഭാഗം മേധാവികൾ, എൻ.ഐ.ടിയിലെ മറ്റ് പ്രൊഫസർമാർ, സർവേ ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
ധാരണാപത്രത്തിന്റെ ലക്ഷ്യങ്ങളും പ്രധാന സഹകരണ മേഖലകളും ഡോ. പ്രസാദ് കൃഷ്ണയും പങ്കജ് കുമാറും വിശദീകരിച്ചു. എൻ.ഐ.ടിയിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഗവേഷണ, പരിശീലന, പ്രായോഗിക വൈദഗ്ദ്ധ്യം വിപുലപ്പെടുത്തുക എന്നതാണ് ഈ കരാറിന്റെ കാതൽ.
ഇരു സ്ഥാപനങ്ങളും സംയുക്തമായി പ്രവർത്തിക്കുന്ന പ്രധാന മേഖലകൾ ഇവയാണ്:
ജിയോഡറ്റിക് കൺട്രോൾ (Geodetic Control), ജിയോഡറ്റിക് സർവേകൾ, ജിയോഫിസിക്കൽ സർവേകൾ, ടോപോഗ്രാഫിക്കൽ കൺട്രോൾ സർവേയിംഗ്, മാപ്പിംഗ് പ്രവർത്തനങ്ങൾ, ടോപോഗ്രാഫിക്കൽ മാപ്പുകളുടെയും എയർണോട്ടിക്കൽ ചാർട്ടുകളുടെയും നിർമ്മാണം, ദേശീയ തലത്തിലുള്ള സർവേ ഓഫ് ഇന്ത്യയുടെ വിശാലമായ അനുഭവസമ്പത്തും, എൻ.ഐ.ടി കാലിക്കറ്റിന്റെ അക്കാദമിക മികവും സംയോജിപ്പിക്കുന്ന ഈ തന്ത്രപരമായ കൂട്ടുകെട്ട്, ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയിൽ നൂതന പഠനത്തിനും ഗവേഷണത്തിനും മികച്ച വേദിയൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.

