സ്പോർട്സ് ജേർണലിസ്റ്റും മാത്യഭൂമി മുൻ അസിസ്റ്റൻ്റ് എഡിറ്ററുമായിരുന്ന വിംസിയുടെ വി.എം ബാലചന്ദ്രൻ ജന്മശതാബ്ദി പ്രമാണിച്ചു ഫുട്ബാളിൽ ഉയർന്നു വരുന്ന താരത്തിനു സീനിയർ ജേർണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയും വിംസിയുടെ കുടുംബവും ചേർന്നു നൽകുന്ന വിംസി സെൻ്റിനറി അവാർഡിന് ഇന്ത്യൻ വനിതാ സീനിയർ ഫുട്ബോൾ ടീം അംഗം പി മാളവികയെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു.
50000 രൂപയും ഫലകവുമാണ് അവാർഡ്. മുൻ ഇന്ത്യൻ താരങ്ങളും പരിശീലകരുമായ വിക്ടർ മഞ്ഞില, ജോപോൾ അഞ്ചേരി, സ്പോർട്സ് ജേർണലിസ്റ്റു്റ്റുകളായ ആർ രഞ്ജിത്ത്, അനീഷ് പി നായർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. നവംബർ 15 നു ശനിയാഴ്ച വൈകുന്നേരം നാലിന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ മാത്യഭൂമി മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ അവാർഡ് സമ്മാനിക്കും. പ്രശസ്ത മാധ്യമ പ്രവർത്തകനും ചെന്നൈയിലെ ഏഷ്യൻ സ്കൂൾ ഓഫ് ജേർണലിസം ചെയർമാനുമായ ശശികുമാർ പ്രഭാഷണം നടത്തും..
കാസർകോട് ജില്ലക്കാരിയായ പി മാളവിക ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യക്കായി ഗോൾ നേടിയ താരമാണ്. 26 വർഷത്തിനു ശേഷമാണു ഒരു മലയാളി താരത്തിനു ഇന്ത്യൻ സീനിയർ ടീമിൽ ഇടം ലഭിക്കുന്നത് കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള കേരള ഫുട്ബാൾ അസോസിയേഷൻ്റെ പുരസ്കാരം ഈ ഇരുപത്തിയൊന്നുകാരിക്കാണ് ലഭിച്ചത്.
മിസാക യുനൈറ്റഡ്, ട്രാവൻകൂർ റോയൽസ്, കെംപ്, കേരള ബ്ലാസ്റ്റേഴ്സ്, സേതു എഫ് സി എന്നീ ടീമുകളിൽ മാളവിക കളിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ താരങ്ങളുടെ കളിമികവിനോട് പൊരുതിയാണ് മാളവിക ഇന്ത്യൻ ടീമിൽ എത്തിയത്. ഇന്ത്യയുടെ സീനിയർ ടീമും അണ്ടർ 20 ടീമും അണ്ടർ 17 ടീലും ഏഷ്യാ കപ്പ് യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യൻ പുരുഷ ടീമിന് മുൻപ് വനിതാ ടീം ലോകകപ്പ് കളിച്ചേക്കുമെന്ന വിലയിരുത്തലിൻ്റെ കൂടി അടിസ്ഥാനത്തിലാണ് വിംസിയുടെ പേരിലുള്ള പുരസ്കാരം ഉദിച്ചു വരുന്ന ഒരു വനിതാ ഫുട്ബാളർക്ക് നൽകുന്നതെന്ന് ജൂറി വിലയിരുത്തി.

