കോഴിക്കോട്: മുസിരിസ് ബിനാലെ ആറാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംവാദ പരമ്പര ‘സമകാലീന ഫോക് ലോറും സാംസ്കാരിക പ്രതിരോധവും’ എന്ന വിഷയത്തില്‍ ഞായറാഴ്ച്ച നടക്കും. പ്രശസ്ത കലാകാരന് കേളീ രാമചന്ദ്രന് ക്യൂറേറ്റ് ചെയ്യുന്ന ‘കല കാലം കലാപം’ എന്ന പരമ്പരയിലെ മൂന്നാമത് പരിപാടിയാണ് വടകര സാഹിത്യവേദിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ 12 ന് ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെ 109 ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം മാര്‍ച്ച് 31 ന് സമാപിക്കും. ഗോവയിലെ എച് എച് ആര്‍ട് സ്പേസിന്റെ സഹകരണത്തോടെ ലോക പ്രശസ്ത കലാകാരന് നിഖില്‍ ചോപ്രയാണ് ബിനാലെ ആറാം പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത്. ഫോര്‍ ദി ടൈം ബിയിംഗ് എന്നതാണ് ഇത്തവണത്തെ ക്യൂറേറ്റര്‍ പ്രമേയം.
നവംബർ 16 (ഞായർ) രാവിലെ 10 മണി മുതൽ വടകര മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന സെമിനാറിൽ പ്രബന്ധാവതരണങ്ങൾ, പാട്ടും പറച്ചിലും, നാടൻകലാവതരണം, സംവാദം എന്നിവയുണ്ടാവും. വൈകീട്ട് ആറ് മണിക്ക് കുറുമ്പത്തുരുത്ത് യുവകേരള ചവിട്ടുനാടകവേദിയുടെ കാറൽമാൻ ചരിതം ചവിട്ടുനാടകത്തിന്റ രംഗാവതരണത്തോടെയാണ് പരിപാടികള്‍ അവസാനിക്കുന്നത്. എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിനടുത്ത് പുത്തവേലിക്കരയിൽ നിന്നുള്ള സംഘമാണ് ചവിട്ടുനാടകം അവതരിപ്പിക്കുന്നത്.
സാഹിത്യവേദി പ്രസിഡൻ്റ് കവി വീരാൻകുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കന്നഡ ഭാഷാവികസന അതോറിറ്റി ചെയർമാനും പ്രമുഖ ഫോക് ലോര്‍ കലാകാരനുമായ പ്രൊഫ.പുരുഷോത്തം ബിള്ളിമലെ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡോ.രാഘവൻ പയ്യനാട് മുഖ്യപ്രഭാഷണം നടത്തും. ബിനാലെ സംഘാടകനും വിഖ്യാത സമകാലീന കലാകാരനുമായ ബോസ് കൃഷ്ണമാചാരി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. കളരിപ്പയറ്റ് ഗുരുക്കൾ പത്മശ്രി മീനാക്ഷിയമ്മയെ ആദരിക്കും.
തുടർന്ന്. ഫോക് ലോറിക് സിനിമ, സിനിമാറ്റിക് ഫോക് ലോർ’ എന്ന വിഷയത്തിൽ ഡോ. അജു കെ. നാരായണൻ, ‘ഫോക് ലോറിലെ സ്ത്രീ പ്രതിനിധാനം: ചില വിചാരങ്ങൾ’ എന്ന വിഷയത്തിൽ ഡോ. പി. വസന്തകുമാരി എന്നിവർ പ്രബന്ധമവതരിപ്പിക്കും. കേരളത്തിന്റെ പാട്ടു പാരമ്പര്യത്തെക്കുറിച്ചുള്ള സെഷനിൽ വി ടി മുരളി, ഫൈസൽ എളേറ്റിൽ, ഡോ.എ.കെ. അപ്പുക്കുട്ടൻ, രവി വയനാട് എന്നിവർ സംസാരിക്കും. തെയ്യം, ചവിട്ടുനാടകം തുടങ്ങിയവ യഥാക്രമം വൈ,വി. കണ്ണൻ, റോയ് ജോർജ്ജ്കുട്ടി എന്നിവർ അവതരിപ്പിക്കും.
ഡോ.കെ.എം, ഭരതൻ അദ്ധ്യക്ഷത വഹിക്കുന്ന സമാപന സമാപന സമ്മേളത്തിൽ ഡോ.പി. പവിത്രൻ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നാണ് ചവിട്ടുനാടകം അരങ്ങേറുന്നത്.
മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്ന പ്രതിനിധികള്‍ക്കൊപ്പം പൊതുജനങ്ങൾക്കും സെമിനാറിൽ പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ: 9495031956

