കോഴിക്കോട്: പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായിരുന്ന സുകുമാർ അഴീക്കോടിൻ്റെ ജൻമ ശതാബ്ദി അടുത്ത വർഷം ഫെബ്രുവരി 24 ന് ആചരിക്കാൻ ഡോ. സുകുമാർ അഴിക്കോട് മെമ്മോറിയൽ ട്രസ്റ്റ് യോഗം തീരുമാനിച്ചു. സാഹിത്യ സെമിനാർ, പൊതുസമ്മേളനം എന്നിവ ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തിക്ക് ഡോ. സുകുമാർ അഴിക്കോട് പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും.ജൂറി കമ്മിറ്റി ചെയർമാനായി ആചാര്യ എ.കെ. ബി നായരെ തെരഞ്ഞെടുത്തു.
ജൻമശതാബ്ദി പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരണ യോഗം ഡിസംബർ 12 ന് രാവിലെ 10.30 ന് മുതലക്കുളം ടൂറിംഗ് ബുക്ക് സ്റ്റാൾ ഓഡിറ്റോറിയത്തിൽ ചേരാൻ തീരുമാനിച്ചു. അഴീക്കോടിൻ്റെ സുഹൃത്തുക്കൾക്കും ശിഷ്യൻമാർക്കും യോഗത്തിൽ പങ്കെടുക്കാം.
ട്രസ്റ്റ് യോഗത്തിൽ ആചാര്യ എ.കെ. ബി നായർ അധ്യക്ഷത വഹിച്ചു. പി.ഗംഗാധരൻ നായർ, ആറ്റക്കോയ പള്ളിക്കണ്ടി, പ്രഫ. വർഗീസ് മാത്യു, ഗോപിനാഥ് ചേന്നര , എം.ജയതിലകൻ എന്നിവർ പ്രസംഗിച്ചു.

