കോഴിക്കോട്: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ രണ്ടാമത് സംസ്ഥാന കലോത്സവത്തിന് നവംബര്‍ 28-ന് കോഴിക്കോട്ട് തിരിതെളിയും. വൈകീട്ട് നാലിന് മീഞ്ചന്ത ഗവണ്മെന്റ് ആര്‍ട്സ് & സയന്‍സ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ കവിയും ഗാനരചയിതാവുമായ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി കലോത്സവം ഉദ്ഘാടനം ചെയ്യും. വി.ടി. മുരളി, നിലമ്പൂര്‍ ആയിഷ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ. ജഗതി രാജ് വി.പി. ചടങ്ങിന് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കഥകളി, തിരുവാതിര മത്സരങ്ങള്‍ അരങ്ങേറും.ആര്‍ടസ് കോളേജിലെ മൂന്ന് വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 1500 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. മൂന്ന് ദിവസംനീണ്ടു നില്ക്കുന്ന കലോത്സവം നവംബര്‍ 30ന് സമാപിക്കും. സര്‍വകലാശാലയുടെ അഞ്ചാം വാര്‍ഷികഘോഷ നിറവില്‍ സംഘടിപ്പിക്കപ്പെടുന്ന സംസ്ഥാന കലോത്സവത്തില്‍ സോണല്‍ കലോത്സവ മത്സര വിജയികളാണ് മാറ്റുരയ്ക്കുക.
സോണല്‍ കലോത്സവത്തിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരും ഗ്രൂപ്പ് മത്സരങ്ങളില്‍ റീജിയണല്‍ കേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്തവരുമാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. യൂണിവേഴ്സിറ്റിയുടെ കൊല്ലം, തൃപ്പുണിത്തുറ, കോഴിക്കോട്, പട്ടാമ്പി, തലശ്ശേരി റീജിയണല്‍ കേന്ദ്രങ്ങളുടെ കീഴില്‍ 45 പഠന കേന്ദ്രങ്ങളാണ് ഉള്ളത്. വിവിധ റീജിയണല്‍ കേന്ദ്രങ്ങളെ പ്രതിനിധീകരിച്ചു അയ്യായിരത്തോളം പ്രതിഭകള്‍ സോണല്‍ കലോത്സവത്തില്‍ മത്സരിച്ചിരുന്നു.
് 30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ നടനും സംവിധായകനും ചലച്ചിത്ര വികസന കോര്പ്പറേഷന് ബോര്‍ഡ് അംഗവുമായ മധുപാല്‍ മുഖ്യാതിഥിയായിരിക്കും.ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റീജിയണല്‍ കേന്ദ്രത്തിനു ഓവറോള്‍ ജേതാക്കള്‍ക്കുള്ള ട്രോഫിയും, വ്യക്തിഗത മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് കലാതിലകം, കലാപ്രതിഭ, കലാരത്നം എന്നീ പുരസ്കാരങ്ങളും സമാപന ചടങ്ങില്‍ സമ്മാനിക്കും. കലോത്സവ ലോഗോ ഡിസൈന്‍ ചെയ്ത കല്‍പ്പറ്റ ഗവണ്മെന്റ് കോളജ് വിദ്യാര്‍ത്ഥി കെ. വിപിന്‍ ചടങ്ങില്‍ സമ്മാനം നല്‍കും. സംസ്ഥാന കലോത്സവ വിജയികള്‍ക്ക് ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ഇന്റര്‍ യൂണിവേഴ്സിറ്റി കലോത്സവത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്കും ലഭിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. ജഗതി രാജ് വി.പി, സിന്റിക്കേറ്റ് അംഗങ്ങളായ ഡോ.സി. ഉദയകല, റീജണല്‍ സെന്റര്‍ ഡയറക്ടര്‍ പ്രദീപ് കുമാര്‍.കെ, പബ്ലിക് റിലേഷന്‍ ഓഫീസര്‍ ശാലിനി കെ.എസ് എന്നിവര്‍ പങ്കെടുത്തു.

