തെരഞ്ഞെടുപ്പിന്റെ സമാധാനപരമായ നടത്തിപ്പിനും കൊട്ടിക്കലാശം നല്ല രീതിയില്‍ അവസാനിപ്പിക്കുന്നതിനും വേണ്ടി മലപ്പുറം ഡി.വൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസത്തെ കൊട്ടിക്കലാശം ടൗണുകളില്‍ നടത്താന്‍ പാടില്ല. പ്രചാരണ പരിപാടി നടത്തുന്നുണ്ടെങ്കില്‍ അതത് വാര്‍ഡുകളില്‍ ഒതുങ്ങണം. മലപ്പുറം സബ് ഡിവിഷന് പോലീസ് ഓഫീസിനു കീഴിലുള്ള മലപ്പുറം,വേങ്ങര,മഞ്ചേരി,കോട്ടക്കല്‍ പൊലീസ് സ്റ്റേഷനുകളിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കൾ യോഗത്തില്‍ പങ്കെടുത്തു.
യോഗത്തിലെ തീരുമാനങ്ങള്‍:
•വാഹനങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും തടസ്സമുണ്ടാക്കുന്ന വിധത്തില്‍ റോഡ് ബ്ലോക്ക് ചെയ്ത് പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ പാടില്ല.
•പ്രകടനങ്ങള്‍, ജാഥകള്‍ എന്നിവ നടത്തുന്ന അവസരത്തില്‍ ഉത്തരവാദപ്പെട്ട നേതാക്കള്‍ അതിനോടൊപ്പം ഉണ്ടാകേണ്ടതും ഒരുതരത്തിലുമുള്ള അക്രമസംഭവങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. ഇതിനു പാര്‍ട്ടിനേതാക്കള്‍ തമ്മില്‍ പരസ്പര ധാരണ ഉണ്ടാകണം.
•ഡി.ജെ വാഹനങ്ങള്‍, പ്രചാരണ വാഹനങ്ങള്‍ എന്നിവ അനുമതിയില്ലാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കും.
•വാഹനങ്ങളില്‍ നിയമപ്രകാരമല്ലാതെ രൂപമാറ്റം വരുത്തിയും അലോസരപ്പെടുത്തുന്ന ശബ്ദമുണ്ടാക്കിയും നടത്തുന്ന പ്രചാരണ പരിപാടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും.
•മറ്റു പാര്‍ട്ടിക്കാര്‍ക്കോ, പാര്‍ട്ടികള്‍ക്കോ എതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുന്നതും സോഷ്യല്‍ മീഡിയ വഴി പ്രകോപനപരമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതിലും പൊലീസിന്റെ നിരീക്ഷണം ഉണ്ടാകും.
•തെരഞ്ഞെടുപ്പിന്റെ സമാധാനപരമായ നടത്തിപ്പിന് പ്രചാരണം അവസാനിക്കുന്ന ദിവസങ്ങളിലും ഇലക്ഷന് ദിനങ്ങളിലുംകമ്മീഷന് നിഷ്കര്ഷിച്ചതായ നിയമങ്ങളും സമയക്രമവും കൃത്യമായി പാലിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ അണികള്‍ക്ക് നല്‍കണം.

