ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളി കേന്ദ്രീകരിച്ച് അര നൂറ്റാണ്ട് കാലം ഖാസി പദത്തിലിരുന്ന കോഴിക്കോട് മുഖ്യഖാസിയായിരുന്ന നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നാമധേയത്തിലുള്ള ഈ വർഷത്തെ ഖാസി ഫൗണ്ടേഷൻ അവാർഡ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടും പ്രമുഖ പണ്ഡിതനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക്.
കേരളത്തിനകത്തും പുറത്തും മത- വൈജ്ഞാനിക രംഗത്ത് ചെയ്തു വരുന്ന ശ്രദ്ധേയമായ സംഭാവന പരിഗണിച്ചാണ് ഈ അവാർഡ്.
കേരളത്തിലെ നൂറിലധികം മഹല്ലുകളിൽ ഖാസി പദം വഹിച്ചു വരുന്ന അദ്ദേഹം സമസ്ത മുശാവറയുടെ അദ്ധ്യക്ഷൻ കൂടിയാണ്. മത-ഭൗതിക വിദ്യാഭ്യാസത്തിലൂന്നി രാജ്യത്തിനകത്തും പുറത്തും പ്രവർത്തിച്ചു പോരുന്ന സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിൽ (SNEC) ൻ്റെ ചെയർമാൻ കൂടിയായ അദ്ദേഹം സുപ്രഭാതം ദിനപത്രത്തിൻ്റെ ചെയർമാൻ കൂടിയാണ്.
ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഉൾപ്പെടെ ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ഇസ്ലാമിക് യൂണിവേഴ്സിറ്റികളിൽ ഡീനും ലക്ചറുമായി പ്രവർത്തിച്ചിട്ടുണ്ട്.
ജനുവരിയിൽ കോഴിക്കോട് വെച്ച് നടക്കുന്ന ഖാസി ഫൗണ്ടേഷൻ്റെ 17ാ മത് വാർഷികാഘോഷ ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും.
മിശ്കാൽ പള്ളിയുടെ മിനിയേച്ചറിൽ രൂപകൽപന ചെയ്ത മെമൻ്റോയും 10,001 രൂപയും അടങ്ങുന്നതാണ് അവാർഡ്. ഫൗണ്ടേഷൻ ചെയർമാൻ ഡോ.കെ. കുഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു.
സി.എ.ഉമ്മർകോയ, എം.വി.മുഹമ്മദലി, സി.പി.മാമുക്കോയ,പി. മമ്മത്കോയ,പി.ടി. ആസാദ്, ആർ.ജയന്ത് കുമാർ, സി.ഇ.വി. അബ്ദുൽ ഗഫൂർ,എം.അബ്ദുൽ ഗഫൂർ,കെൻസ ബാബു, എൻ.സി.അബ്ദുള്ളക്കോയ എന്നിവർ സംസാരിച്ചു.
ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം.വി.റംസി ഇസ്മായിൽ സ്വാഗതവും ട്രഷറർ കെ.വി.ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

