തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ സംസാരിക്കുന്നു
വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ ജില്ലയിലെ 37,368 പേരുടെ ഫോമുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ അറിയിച്ചു. ഇവരില്‍ 13,717 പേര് മരണപ്പെട്ടവരും 14,375 പേര് ജില്ലയ്ക്ക് പുറത്ത് സ്ഥിരമായി താമസം മാറിയവരുമാണ്. 2893 പേര് വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പേരുള്ളവരാണ്.
ഇതില്‍ കണ്ടെത്താന്‍ കഴിയാത്തത് 6126 പേരെയാണ്. ഫോം വാങ്ങാനോ തിരികെ നല്‍കാനോ വിസമ്മതിച്ചത് ഉള്‍പ്പെടെയുള്ള മറ്റ് കാരണങ്ങളാല്‍ 557 പേരുടെ വിവരശേഖരണവും സാധ്യമായിട്ടില്ലെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ വിശദീകരിച്ചു.
ജില്ലയിലുള്ള 6,41,710 വോട്ടര്‍മാരില്‍ എല്ലാവരുടെയും എന്യൂമറേഷന് ഫോമുകളുടെ ഡിജിറ്റൈസേഷന് പൂര്‍ത്തിയായി. ഫോമുകള്‍ പൂരിപ്പിച്ച് നല്കിയവരില് 511543 പേര്‍ക്കാണ് 2002- ലെ വോട്ടര്‍ പട്ടികയില്‍ സ്വന്തം പേരോ അടുത്ത ബന്ധുക്കളുടെ പേരോ ഇല്ലാത്തത്. ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കാത്തവരെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ ഹിയറിങിന് വിളിക്കും.
വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരാളെ ഹിയറിങിന് ശേഷം പട്ടികയില്‍ നിന്നും ഒഴിവാക്കുകയാണെങ്കില്‍ ഉത്തരവ് പുറത്തിറങ്ങി 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. അപ്പീല്‍ ഉത്തരവിന് ശേഷം 30 ദിവസത്തിനകം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കാനും അവസരമുണ്ട്.
എസ്.ഐ.ആര് നടപടികളിലൂടെ ക്രോഡീകരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡിസംബര്‍ 23 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക അതത് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ നോട്ടീസ് ബോര്‍ഡിലും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും പട്ടിക പ്രസിദ്ധീകരിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പട്ടിക ലഭ്യമാക്കുമെന്ന് കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് പട്ടിക പരിശോധിച്ച് പട്ടികയില്‍ പേരില്ലാത്തതിന്റെ കാരണങ്ങള്‍ അറിയാന്‍ സാധിക്കും. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഡിസംബര്‍ 23 മുതല്‍ 2026 ജനുവരി 22 വരെ നല്‍കാം. എസ്.ഐ.ആര് എന്യൂമറേഷന് ഫോമുകള്‍ നിശ്ചിത സമയത്ത് നല്കാന് കഴിയാത്തവര്‍ക്ക് ഈ കാലയളവില്‍ ഫോം 6 ഉം സത്യവാങ്മൂലവും സമര്‍പ്പിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
എന്യൂമറേഷന് ഫോമുകളിലെ തീരുമാനങ്ങള്‍, പരാതി തീര്‍പ്പാക്കല്‍ എന്നിവ ഡിസംബര്‍ 23 മുതല്‍ 2026 ഫെബ്രുവരി 14 വരെ നടക്കും. ഫെബ്രുവരി 21 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഇതിന് ശേഷവും നിയമസഭാ തെരഞ്ഞെടുപ്പിന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും മാറ്റങ്ങള്‍ വരുത്താനും അവസരമുണ്ടാകും.
ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന് യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍. ആര്) മനോജ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

