സംസ്ഥാനത്തെ വഖഫ് സ്വത്തുകള്‍, കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം ഉമീദ് സെന്‍ട്രല്‍ പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി വഖഫ് ട്രൈബ്യൂണൽ അഞ്ച് മാസത്തേക്കുകൂടി നീട്ടി നൽകിയതായും ഈ അവസരം മുഴുവൻ വഖഫ് സ്ഥാപനങ്ങളും മുതവല്ലിമാരും നിർബന്ധമായും ഉപയോഗപ്പെടുത്തണമെന്നും സംസ്ഥാന കായിക – ന്യൂനപക്ഷ ക്ഷേമ – വഖഫ് – ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അഭ്യർത്ഥിച്ചു. ഉമീദ് പോർട്ടലിൽ വഖ്ഫുകൾ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഡിസംബർ 6 ന് അവസാനിച്ചതിനെത്തുടര്‍ന്ന് പലർക്കും നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിൽ സംസ്ഥാന വഖ്ഫ് വകുപ്പും വഖ്ഫ് ബോർഡും ഇടപെടൽ നടത്തിയാണ് വഖഫ് ട്രൈബ്യൂണലിനെ സമീപിച്ച് സമയം നീട്ടി വാങ്ങിയത്. സംസ്ഥാന വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ സമയപരിധി നീട്ടിക്കിട്ടാൻ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാനായിരുന്നു നിര്‍ദേശം. നിലവിൽ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം രജിസ്ട്രേഷൻ പൂർത്തിയാക്കാം. അഞ്ചുമാസം സമയമുണ്ടെങ്കിലും വഖഫ് മുത്തവല്ലിമാര്‍ മൂന്ന് മാസത്തിനകംതന്നെ പോര്‍ട്ടലില്‍ വഖഫ് സ്വത്ത് വിവരങ്ങളും രേഖകളും ചേർക്കാന്‍ ശ്രമിക്കണമെന്നും ബാക്കി രണ്ടുമാസം രേഖകള്‍ പരിശോധിച്ച് ബോര്‍ഡിന് അംഗീകാര നടപടികള്‍ പൂര്‍ത്തീകരിക്കാൻ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ബോര്‍ഡില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത വഖഫ് സ്ഥാപനങ്ങള്‍ക്കും ന്യൂ വഖഫ് ഓപ്ഷന് വഴി പോര്‍ട്ടലില്‍ അപേക്ഷിക്കാൻ കഴിയും. ഇതിനായി എല്ലാ വഖഫ് ബോർഡ് ഡിവിഷന് ഓഫിസുകളിലും ആരംഭിക്കുന്ന ഹെൽപ് ഡെസ്കുകൾ വഖഫ് മുതവല്ലിമാർ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

