മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം 2026 ഫെബ്രുവരി നാല് മുതല്‍ എട്ട് വരെ കാസര്‍കോട് കുണിയയില്‍ നടക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാരമ്പര്യ ഇസ് ലാമിന്റെ പരിശുദ്ധി കാത്ത് സൂക്ഷിക്കുകയും അതിനനുസൃതമായ നിരവധി വിദ്യാഭ്യാസ സംരംഭങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സംഘടന നേതൃത്വം നല്കി വരികയാണ്.
രാജ്യത്തിന്റെ സാമുദായിക സൗഹാര്‍ദത്തിനും സമാധാനാന്തരീക്ഷത്തിനും ഗുണകരമാവുന്ന നിലപാടാണ് പ്രസ്ഥാനം ഇക്കാലമത്രയും സ്വീകരിച്ചു വന്നത്. അത് കൊണ്ട് തന്നെ മുസ് ലിം സമൂഹത്തെ ബഹുസ്വരതയോടൊപ്പം ചേര്‍ത്ത് നിര്‍ത്തുന്നതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പുതിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ കേരളത്തില്‍ 24 ലക്ഷത്തിലധികം പേര് പുറത്താണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അര്‍ഹരായ ഒരാള്‍ പോലും പട്ടികയില്‍ നിന്ന് പുറത്താവുന്ന സാഹചര്യമുണ്ടാവരുത്. ഇത് നമ്മുടെ നാടിന്റെ ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന സാഹചര്യമുണ്ടാവും. പൗരസമൂഹത്തിന്റെ ആശങ്ക പരിഹരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്ര വെള്ളിയാഴ്ച നാഗര്‍ കോവിലില്‍ നിന്ന് ആരംഭിച്ചു. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സ്വീകരണം ഏറ്റുവാങ്ങും.സമസ്തയുടെ വിദ്യാഭ്യാസ സാമൂഹിക ആത്മീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക, പൊതു സമൂഹത്തിന് സമസ്തയെ കൂടുതല്‍ മനസിലാക്കാന്‍ അവസരമൊരുക്കുക,സമസ്തയുടെ നൂറാം വാര്‍ഷികത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുക എന്നിവയാണ് യാത്രയുടെ പ്രധാന ലക്ഷ്യങ്ങള്‍.
20 ന് ഉച്ചക്ക് 2.30 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലും വൈകീട്ട് അഞ്ചിന് കൊല്ലം പീരങ്കി മൈതാനിയിലും യാത്രക്ക് സ്വീകരണം നല്‍കും. 21 ന് രാവിലെ ഒന്‍പതിന് പത്തനംതിട്ട ജില്ലയിലെ പന്തളത്തും ഉച്ചയ്ക്ക് 2 30ന് കോട്ടയം തിരുനക്കര മൈതാനത്തും വൈകീട്ട് അഞ്ചിന് ആലപ്പുഴ കടപ്പുറത്തും യാത്ര പര്യടനം നടത്തും. 22 ന് രാവിലെ 9.30ന് ഇടുക്കി തൊടുപുഴയിലും വൈകീട്ട് നാലിന് എറണാകുളം പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും യാത്രക്ക് സ്വീകരണം നല്‍കും.
23ന് രാവിലെ 9.30ന് തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാടും വൈകിട്ട് നാലിന് മലപ്പുറം വെസ്റ്റ് ജില്ലയിലെ തിരൂരിലും ജാഥയെ വരവേല്‍ക്കും. 24ന് രാവിലെ 9.30 ന് മലപ്പുറം ഈസ്റ്റ് ജില്ലയിലെ മലപ്പുറം മച്ചിങ്ങലിലും വൈകീട്ട് നാലിന് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടും യാത്രക്ക് സ്വീകരണം നല്‍കും. 25ന് രാവിലെ 9.30ന് നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലും വൈകീട്ട് നാലിന് വയനാട് കല്‍പ്പറ്റയിലും ജാഥ എത്തിച്ചേരും.
26ന് വൈകിട്ട് നാലിന് കോഴിക്കോട് മുതലക്കുളം മൈതാനിയിലും 27ന് വൈകിട്ട് നാലിന് കണ്ണൂര്‍ കലക്ടറേറ്റ് ഗ്രൗണ്ടിന് എതിര്‍വശത്തുള്ള ടൗണ്‍ സ്ക്വയറിലും ജാഥക്ക് വരവേല്‍പ്പ് നല്‍കും. 17 ഇടങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി സമസ്തയുടെ നൂറാം വാര്‍ഷിക സന്ദേശം അഷ്ഠ ദിക്കിലും പ്രചരിപ്പിച്ച് 28ന് വൈകിട്ട് നാലിന് ജാഥ അവസാന കേന്ദ്രമായ മംഗലാപുരത്ത് സമാപിക്കും.
ജാഥാ നായകന് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
ഉപനായകര്‍: സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട്, സമസ്ത സെക്രട്ടറി
എം.ടി അബ്ദുല്ല മുസ്ലിയാര്, എസ്. വൈ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,
എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍.
ഡയറക്ടര്‍: സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം
കോര്‍ഡിനേറ്റര്‍: സമസ്ത കേന്ദ്ര മുശാവറ അംഗം പി.എം
അബ്ദുസ്സലാം ബാഖവി വടക്കേക്കാട്
അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍: സമസ്ത
മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍
ശനിയാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന ശതാബ്ദി യാത്ര സ്വീകരണ സമ്മളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഷാജഹാന് ദാരിമി (സമസ്ത ജില്ലാ പ്രസിഡന്റ്) അധ്യക്ഷനാകും. കെ.മുരളീധരന് മുഖ്യാതിഥിയാകും.
സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സ്നേഹ പ്രഭാഷണം നടത്തും. ഓണംപിള്ളി മുഹമ്മദ് ഫൈസി, മുജ്തബ ഫൈസി ആനക്കര, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ വിഷയാവതരണം നടത്തും.
ശനിയാഴ്ച രാത്രി എട്ടിന് കൊല്ലം പീരങ്കി മൈതാനിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം. പി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹ്സിന് കോയ തങ്ങള്‍ അധ്യക്ഷനാകും. എന്‍. കെ പ്രേമ ചന്ദ്രന് എം. പി മുഖ്യാഥിതിയാകും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി അബ്ദുല്ല മുസ്ലിയാര്, എസ്. കെ. എസ്. എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ സംസാരിക്കും. നാസര്‍ ഫൈസി കൂടത്തായി, സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, സുഹൈല്‍ ഹൈതമി പള്ളിക്കര എന്നിവര്‍ വിഷയാവതരണം നടത്തും.

