- ജില്ലയിലെ 14 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും വിപണി ആരംഭിക്കും.
- 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ
- മറ്റ് നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ
കോഴിക്കോട് : ക്രിസ്മസ് പുതുവത്സര വേളയിൽ ഉണ്ടാകുന്ന വിലക്കയറ്റം പിടിച്ചുനിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലായ കൺസ്യൂമർഫെഡ് ക്രിസ്മസ് പുതുവത്സര വിപണികൾ 22-ന് ആരംഭിക്കും.
മുതലക്കുളം ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ വച്ച് 22 ന് രാവിലെ 9 മണിക്ക് ജില്ലാതല ഉദ്ഘാടനം ബഹു ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ പി. എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
കൺസ്യൂമർഫെഡ് മുൻചെയർമാൻ എം. മെഹബൂബ് ആദ്യ വില്പന നിർവ്വഹിക്കും. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ അഡ്വ. സാറജാഫർ അദ്ധ്യക്ഷത വഹിക്കും. ജനുവരി 1 വരെയാണ് ചന്ത പ്രവർത്തിക്കുക. ജില്ലയിൽ 14 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും ഇക്കുറി ക്രിസ്മസ് പുതുവത്സര വിപണി ഉണ്ടാകും.
ജയ, കുറുവ, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. വിവിധ സഹകരണ സംഘങ്ങളുടെ വെളിച്ചെണ്ണയാണ് വിപണികളിലൂടെ നൽകുക.
ദിനേശ്, റെയ്ഡ്കോ, മിൽമ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും പ്രത്യേക വിലക്കുറവിൽ ലഭിക്കും. നോൺ സബ്സിഡി ഇനങ്ങൾക്കും 10 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ട്.
ബ്രാൻഡഡ് കമ്പനികളുടെ ഉൽപ്പന്നങ്ങളും ഓഫർ വിലകളിൽ ലഭ്യമാകും. കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടികൾ എന്നിവയ്ക്കും പ്രത്യേകം വിലക്കുറവുണ്ട് എന്നും ക്രിസ്മസ് പുതുവത്സര ആവശ്യത്തിനായുള്ള കേക്കുകളും വിലക്കുറവിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് റീജണൽ മാനേജർ പി.കെ. അനിൽകുമാർ അറിയിച്ചു.
ഒരു ദിവസം 50 പേർക്കാണ് നിത്യോപയോഗ സാധനങ്ങൾ വിപണികളിൽനിന്ന് ലഭ്യമാകുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻ കാർഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.
സബ്സിഡി സാധനങ്ങൾ, അളവ്, വില ചുവടെ ചേർക്കുന്നു. ക്രമനമ്പർ ഇനം അളവ് വില (രൂപ)
1 ജയ അരി (8kg) 1 കിലോ വില 33 രൂപ
2 കുറുവ അരി (8kg) 1 കിലോ വില 33 രൂപ
3 മട്ട അരി (8 kg) 1 കിലോ വില 33 രൂപ
4 പച്ചരി (2kg)1 കിലോ വില 29 രൂപ
5 പഞ്ചസാര 1 കിലോ 34.65 രൂപ
6 ചെറുപയർ 1 കിലോ 85 രൂപ
7 വൻകടല 1 കിലോ 65 രൂപ
8 ഉഴുന്ന് 1 കിലോ 90 രൂപ
9 വൻപയർ 1 കിലോ 70 രൂപ
10 തുവരപ്പരിപ്പ് 1 കിലോ 88 രൂപ
11 മുളക് 1 കിലോ 115.50 രൂപ
12 മല്ലി അരക്കിലോ 40.95 രൂപ
13 വെളിച്ചെണ്ണ 1/2 ലിറ്റർ 147 രൂപ

