വണ്ടിക്കടവ് ഉന്നതികാര്‍ക്ക് വീടും സ്ഥലവും ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു. ജില്ലയിലെ ഗോത്ര മേഖലയിലെ വികസന പ്രവര്‍ത്തന വിടവുകള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ട്രൈബല്‍ ഡെവലപ്മെന്റ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വണ്ടിക്കടവ് ഉന്നതിയില്‍ 60 സെന്റ് ഭൂമിയില്‍ താമസിക്കുന്ന 26 കുടുംബങ്ങളിലെ 93 പേര്‍ക്ക് ആവശ്യമായ അടിസ്ഥാന-പശ്ചാത്തല സൗകര്യം വകുപ്പ് ഒരുക്കുമെന്ന് യോഗത്തില്‍ മന്ത്രി അറിയിച്ചു.
ഉന്നതിയിലെ ഭൂരഹിത കുടുംബത്തിന് ഭൂമി ലഭ്യമാക്കി വീട് നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. നിലവില്‍ ബ്ലോക്ക്പഞ്ചായത്ത് അനുവദിച്ച വീടുകളിലാണ് ഉന്നതി നിവാസികള്‍ താമസിക്കുന്നത്. ഉന്നതിയില്‍ നിലനില്‍ക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് ട്രൈബല്‍ ഡെവലപ്മെന്റ് കമ്മിറ്റിയുടെ ലക്ഷ്യം. ഗോത്രവിഭാഗക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍, വെല്ലുവിളികള്‍ എന്നിവ കണ്ടെത്തി വിവിധ വകുപ്പുകളുടെ ഫലപ്രദമായ ഏകോപനത്തിലൂടെ പരിഹാരം കണ്ടെത്തും.
ജില്ലയിലെ മൂവായിരത്തിലധികം ഊരുകള്‍ കേന്ദ്രീകരിച്ച് ഉന്നതികളില്‍ നടപ്പാക്കേണ്ട വികസന പദ്ധതികള്‍ കണ്ടെത്തുകയും കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിഹാരം കണ്ടെത്തുകയും ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ യോഗത്തില്‍ അറിയിച്ചു.
എല്ലാവര്ക്കും ഭൂമി, വീട്, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, റോഡ്, വൈദ്യൂതി, അടിസ്ഥാന രേഖകള്‍, ഇന്റര്‍നെറ്റ് ലഭ്യത എന്നിവ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഉറപ്പാക്കും.
പദ്ധതിയുടെ പൈലറ്റ് പ്രവര്‍ത്തനമായി കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി- മാനന്തവാടി താലൂക്കുകളിലെ ചിറ്റാലൂര്‍ക്കുന്ന്, വണ്ടിക്കടവ്, ആനക്കാമ്പ് ഉന്നതികളിലെ അടിസ്ഥാന പ്രശ്നങ്ങളാണ് കമ്മിറ്റി പരിശോധിക്കുന്നത്. 15 ദിവസത്തിനകം അടിയന്തിര പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.
കളക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ സബ് കളക്ടര്‍ അതുല്‍ സാഗര്‍, പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ജി. പ്രമോദ്, ജില്ലാതല ഉദ്യോഗസ്ഥര്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

