ബേപ്പൂർ : മാനദണ്ഡങ്ങൾ ലംഘിച്ച് കോർപറേഷൻ വാർഡ് വിഭജനം നടത്തുകയാണെന്നും സിപിഎം–ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ അവിശുദ്ധ നടപടികളാണെന്നും ആരോപിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കോർപറേഷൻ മേഖല ഓഫിസിനു മുൻപിൽ ബഹുജന പ്രതിഷേധ ധർണ നടത്തി.
നാലര പതിറ്റാണ്ടായി കോർപറേഷൻ ഭരിക്കുന്ന സിപിഎം ഭരണം നഷ്ടമാകുമെന്നു കണ്ടാണ് ബേപ്പൂർ, ചെറുവണ്ണൂർ–നല്ലളം പ്രദേശങ്ങളിലെ വാർഡുകൾ അശാസ്ത്രീയമായി വിഭജിച്ചതെന്നും കരടു റിപ്പോർട്ടിലെ നിർദേശം അംഗീകരിച്ചാൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രാജീവ് തിരുവച്ചിറ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എം.പി.ജനാർദനൻ, എക്സിക്യൂട്ടീവ് അംഗം ടി.കെ.അബ്ദുൽ ഗഫൂർ, കെ.കെ.സുരേഷ്, മുരളി ബേപ്പൂർ, ടി.രാജലക്ഷ്മി സംസാരിച്ചു.
ഫറോക്ക് നഗരസഭയിൽ സിപിഎമ്മിന് അനുകൂലമായി അശാസ്ത്രീയ രീതിയിൽ വാർഡുകൾ വെട്ടി മുറിക്കുന്ന ഉദ്യോഗസ്ഥ സമീപനത്തിനെതിരെ മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി വില്ലേജ് ഓഫിസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി.
നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ കെ.കെ.ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ കെ.എം.ഹനീഫ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.തസ്‌വീർ ഹസ്സൻ, എം.മൊയ്തീൻ കോയ, ഷാജി പറശ്ശേരി, കെ.എ.വിജയൻ, കെ.റീജ, പി.വി.അൻവർ ഷാഫി, മമ്മു വേങ്ങാട്ട് സംസാരിച്ചു

                        