ഹരിത ഭവനങ്ങളിൽ ‘പ്രൊഫ. ശോഭീന്ദ്രൻ പക്ഷിക്ക് കുടിനീർ പദ്ധതി’

കോഴിക്കോട്: ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയുടെ ഭാഗമായി ‘പ്രൊഫ. ശോഭീന്ദ്രൻ പക്ഷിക്ക് കുടിനീർ പദ്ധതി’.

ജില്ലയിലെ മുഴുവൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും വീടുകൾക്ക് സമീപവും വിദ്യാലയ വളപ്പിലും പക്ഷികൾക്കും മറ്റ് ജീവജാലങ്ങൾക്കുമായി ഒരു പരന്ന പാത്രത്തിൽ കുടിവെള്ളം ഒരുക്കുന്ന പദ്ധതിയാണ് ഇത്.

കൊതുകുകൾ മുട്ടയിടാതിരിക്കാൻ നിത്യേന വെള്ളം മാറ്റി കൊടുക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ നിർവഹിച്ചു.

പ്രകൃതിയിലെ വിഭവങ്ങൾ എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് എന്ന ബോധം കുട്ടികളിൽ ഉറപ്പിക്കാൻ പദ്ധതി സഹായിക്കും എന്ന് അദ്ദേഹം പറഞ്ഞു.

പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. നിറവ് ബനാന ബാങ്ക് ചെയർമാൻ സി പി സത്യൻ മുഖ്യപ്രഭാഷണം നടത്തി. ടി അമ്ന പ്രതിജ്ഞ ചൊല്ലി.

സരസ്വതി ബിജു പരിസ്ഥിതി കവിതയും വിദ്യാർത്ഥികൾ പരിസ്ഥിതി ഗാനവും അവതരിപ്പിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി സെഡ് എ സൽമാൻ പദ്ധതി വിശദീകരിച്ചു.

ട്രഷറർ എം ഷഫീഖ് റിപ്പോർട്ട് അവതരിപ്പിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ പൂർണിമ, ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനീഷ, പിടിഎ പ്രസിഡൻറ് കെ സജീവ് കുമാർ, ഹരിത ഭവനം കോഡിനേറ്റർമാരായ ലീന സക്കറിയ, സുനിത ശ്രീനിവാസ്, ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് ഷജീർഖാൻ വയ്യാനം, നിറവ് ചെയർമാൻ പി പി മോഹനൻ, ഹാഫിസ് പൊന്നേരി, ലത്തീഫ് കുറ്റിപ്പുറം തുടങ്ങിയവർ സംസാരിച്ചു.

More From Author

എറണാകുളം-അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടികൾക്കായി മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയിൽ പ്രത്യേക കോടതി സ്ഥാപിച്ചു

മന്നം ജയന്തിക്ക് പുറമേ വൈക്കത്തെ ശിവഗിരി തീർത്ഥാടനവും ഉദ്ഘാടനം ചെയ്യാന്‍ രമേശ് ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *