ജലജന്യ രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ഹെപ്പറ്റൈറ്റിസ് എ. രോഗാണുക്കളാൽ മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത് ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ.
പിന്നീട് മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടാം. സാധാരണയായി രോഗലക്ഷണങ്ങൾ പ്രകടമാകാൻ 2 മുതൽ 6 ആഴ്ച വരെ എടുക്കും. രോഗലക്ഷണങ്ങൾ ഉള്ളവർ ശാസ്ത്രീയ ചികിത്സാ രീതികൾ സ്വീകരിക്കണം.
പ്രതിരോധ മാർഗങ്ങൾ
നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഒരിക്കലും തിളച്ച വെള്ളത്തിൽ പച്ചവെള്ളം ചേർത്തു കുടിക്കരുത്.
പുറത്തു പോകുമ്പോൾ കയ്യിൽ ശുദ്ധമായ വെള്ളം കരുതുക.
ആഹാരസാധനങ്ങൾ ചൂടോടെ പാകം ചെയ്ത് കഴിക്കുക.
പഴകിയ ഭക്ഷണം കഴിക്കരുത്.
പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയ ശേഷം ഉപയോഗിക്കുക.
ഈച്ച കടക്കാതെ ആഹാരസാധനങ്ങൾ അടച്ചു സൂക്ഷിക്കുക.
കല്യാണങ്ങൾക്കും മറ്റു ചടങ്ങുകൾക്കും വെൽകം ഡ്രിങ്ക് ഉണ്ടാക്കുകയാണെങ്കിൽ തിളപ്പിച്ചു തണുപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക.
ആഹാരത്തിനു മുൻപും ശുചിമുറി ഉപയോഗിച്ച ശേഷവും രോഗീപരിചരണത്തിനു ശേഷവും സോപ്പു ഉപയോഗിച്ച് കൈ കഴുകുക.
കിണർ ജലം മലിനമാകാതെ സൂക്ഷിക്കുക.
ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.