
കോഴിക്കോട് നഗരത്തിലെ പന്നിയങ്കര, ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധികളിലായി മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാലുപേർ പിടിയിൽ.
പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ വട്ടക്കിണറിൽ വെച്ച് വിൽപനയ്ക്കായി സൂക്ഷിച്ച 1.578 ഗ്രാം എംഡിഎംഎയുമായി അരക്കിണർ ചാക്കേരിക്കാട് സ്വദേശി ചെറിയഒറ്റയിൽ വീട്ടിൽ ജംഷീൽ എന്ന ഇഞ്ചീൽ (38) ആണ് പിടിയിലായത്. ഫറോക്ക് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വേഡ് അംഗങ്ങളായ എസ്ഐ സുജിത്.പി.സി, എഎസ്ഐ അരുൺകുമാർ മാത്തറ, എസ്പിസിഒമാരായ വിനോദ്. ഐ.ടി, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി , അഖിൽ ബാബു, ഫറോക്ക് പോലീസ് സ്റ്റേഷനിലെ എസ്ഐ അനൂപ്, പന്നിയങ്കര പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ജയാനന്ദൻ, വിനോദ്, ഗണേശൻ, എഎസ്ഐഎ സുനിൽ കുമാർ, എസ്പിസിഒമാരായ വിജേഷ്, ദിലീപ് എന്നിവരും ചേർന്നാണ് കസ്റ്റഡിയിലെടുത്തത്.
പ്രതിയിൽ നിന്ന് മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച 2500 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിലായി വിൽപ്പനയ്ക്കായി മയക്കുമരുന്ന് കൈവശം വെച്ചതിനും, ഉപയോഗിച്ചതിനും, നല്ലളത്ത് വെച്ച് കടലുണ്ടി സ്വദേശിനിയുടെ 2 പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പിടിച്ചു പറിക്കാൻ ശ്രമിച്ചതിനും, ഫറോക്ക് സ്റ്റേഷൻ പരിധിയിലെ സേവാമന്ദിരം സ്കൂളിന് സമീപം വെച്ച് വൈദ്യരങ്ങാടി സ്വദേശിനിയുടെ 1.5 പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പിടിച്ചു പറിച്ചു കൊണ്ടുപോയതടക്കം 8-ഓളം പിടിച്ചുപറി കേസുകളും നിലവിലുണ്ട്.
ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിലെ ബസ് സ്റ്റാന്റിന് സമീപത്തു നടന്ന വാഹന പരിശോധനയിൽ 1.280 ഗ്രാം എംഡിഎംഎയുമായി മലപ്പുറം മൊറയൂർ സ്വദേശികളായ എടപ്പറമ്പ് ആഫിയ മൻസിലിൽ നസീബ് (21 വയസ്സ്), പള്ളിയാളി വീട്ടിൽ അബ്ദുൽസലാം (21 വയസ്സ്), മലപ്പുറം പാലയകൊട് സ്വദേശി മഞ്ഞളാംകുന്ന് വീട്ടിൽ അഭിജിത്ത് (20 വയസ്സ്) എന്നിവരെയാണ് ഫറോക്ക് കസ്റ്റഡിയിലെടുത്തത്.
ഇവരുടെ സുഹൃത്ത് മഞ്ചേരി സ്വദേശി ഷഹീർ പോലീസിനെ കണ്ട് കാറിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഫറോക്ക് പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ വിനയൻ, സജീവൻ, എസ്പിസിഒ അഷ്റഫ്,സിപിഒമാരായ ദിലീപ്, ഷംസുദ്ദീൻ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഫറോക്ക് പോലീസിന്റെ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയ്ക്കിടെ ബസ് സ്റ്റാന്റിന് സമീപത്തുള്ള എസ്ബിഐ ബാങ്കിന് മുൻവശം സംശയാസ്പദമായ രീതിയിൽ നിർത്തിയിട്ടിരുന്ന KL-11-BN-9308 മാരുതി റിറ്റ്സ് കാർ കണ്ട് നൈറ്റ് ഓഫീസറും സംഘവും കാറിന് അടുത്തെത്തിയപ്പോൾ കാറിന്റെ പിൻ സീറ്റിൽ നിന്ന് ഒരാൾ ഇറങ്ങി ഓടുകയും ബാക്കിയുള്ളവർ പോലീസിനെ കണ്ട് പരിഭ്രമിക്കുകയും, അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും എന്തോ ലഹരി ഉപയോഗിച്ചതായി പോലീസ് മനസ്സിലാക്കുകയായിരുന്നു. തുടർന്ന് കാറിലുള്ള മൂന്ന് പേരെ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ നിന്നും പ്രതിയുടെ ജീൻസിന്റെ പോക്കറ്റിൽ നിന്നും മാരകമയക്കുമരുന്നായ എംഡിഎംഎ പോലീസ് കണ്ടെടുക്കുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് മൊത്തമായി കൊണ്ട് വന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പല സ്ഥലങ്ങളിലേക്കും എത്തിച്ചു കൊടുക്കുകയും, ചില്ലറ വില്പ്പന നടത്തുകയും ചെയ്യുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണികളാണ് ജംഷീൽ എന്ന ഇഞ്ചീലും, മഞ്ചേരി സ്വദേശി ഷഹീറും എന്നും, സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കിടയിലും, യുവജനങ്ങൾക്കിടയിലും, അന്യസംസ്ഥാന തൊളിലാളികൾക്കും മറ്റും വിൽപന നടത്തുകയും, മയക്കുമരുന്ന് വിൽപനയിലൂടെ അനധികൃതമായി സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചുവരികയുമാണ് പ്രതികൾ എന്നും പോലീസ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ലഹരി മരുന്ന് എത്തിക്കുന്നവരെ പറ്റി കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരുന്നുണ്ട്.