
പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം-2025
1. അര്‍ഹരായ സമ്മതിദായകര്‍ മാത്രം ഉള്‍പ്പെട്ട, അനര്‍ഹരായ വ്യക്തികള്‍ ആരും തന്നെ ഇല്ലാത്ത ഏറ്റവും ശുദ്ധമായ സമ്മതിദായകപ്പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായായാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം-2025 (സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍- എസ്.ഐ.ആര്) നടത്തുന്നത്.
2. ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്ളവര്‍, വ്യത്യസ്ത പേരുകളില്‍ ഒന്നിലധികം തവണ പേര് ചേര്‍ത്തവര്‍, വിദേശികള്‍, ഇന്ത്യക്കാരല്ലാത്ത എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരുള്പ്പെട്ടവരുമായ സ്ഥലത്തില്ലാത്തവര്‍ എന്നിവരെ കണ്ടെത്തി ഒഴിവാക്കും.
3. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഇതിനായി വീടുകള്‍ തോറും കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. 2002-ലെയും 2025-ലെയും വോട്ടര്‍ പട്ടികകളുടെ പകര്‍പ്പുകള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ നേരിട്ട് കണ്ട് വിവരങ്ങള്‍ ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. ഈ പരിശോധനയുടെ ഭാഗമായി ‘അനെക്സര്‍ സി’ എന്ന ഫോം എല്ലാ വോട്ടര്‍മാര്‍ക്കും നല്‍കുകയും ഒപ്പു ശേഖരിക്കുകയും ചെയ്യും.
4. ഒരു വീട്ടിലെ എല്ലാ വോട്ടര്‍മാരും 2002-ലെയും 2025-ലെയും വോട്ടര്‍ പട്ടികയില്‍ ഉണ്ടെങ്കില്‍, ആനെക്സര്‍ സി ഫോമിന്റെ ഒരു പകര്‍പ്പില്‍ അവരുടെ ഒപ്പ് ശേഖരിച്ച് മറ്റേ പകര്‍പ്പ് അവര്‍ക്ക് നല്‍കും.
5. ഒരു വീട്ടിലെ വോട്ടര്‍മാര്‍ 2002-ലെ പട്ടികയില്‍ ഇല്ലാതിരിക്കുകയും 2025-ലെ പട്ടികയില്‍ മാത്രം ഉള്‍പ്പെട്ടിരിക്കുകയും ചെയ്താല്‍, തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചിട്ടുള്ള 12 സര്‍ട്ടിഫിക്കറ്റുകളില്‍ ഏതെങ്കിലും ഒന്നിന്റെ പകര്‍പ്പ് ഹാജരാക്കണം. അതോടൊപ്പം ആനെക്സര്‍ സി ഫോമില്‍ ഒപ്പ് ശേഖരിക്കുകയും ഒരു പകര്‍പ്പ് അവര്‍ക്ക് തിരികെ നല്‍കുകയും ചെയ്യും.
6. ശേഖരിച്ച എല്ലാ ആനെക്സര്‍ സി ഫോമുകളും ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് സമര്‍പ്പിക്കും.
7. ജോലിയോ പഠനത്തിനോ വേണ്ടി വിദേശത്തോ അന്യസംസ്ഥാനത്തോ പോയവര്‍ക്ക്, ഭവന സന്ദര്‍ശന സമയത്ത് വീട്ടിലില്ലാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെടില്ല. ഇവര്‍ക്ക് ഓണ്‍ലൈനായി ആനെക്സര്‍ സി ഫോം ഡൗണ്‍ലോഡ് ചെയ്ത് ഒപ്പിട്ട് സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
8. ഒരു വീട്ടില്‍ ആളില്ലാത്ത സമയത്താണ് ബിഎല്‍ഒ സന്ദര്‍ശനം നടത്തുന്നതെങ്കില്‍, രണ്ടോ മൂന്നോ തവണ കൂടി സന്ദര്‍ശിക്കാനും വീടിനുള്ളില്‍ ഫോം നിക്ഷേപിക്കാനും കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
9. 2002-ലെയും 2025-ലെയും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത, അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്ക് ഫോം 6 വഴി സാധാരണ രീതിയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം. കൂടാതെ, അര്‍ഹരായ ഒരു വ്യക്തിയുടെ പോലും പേര് അനധികൃതമായി നീക്കം ചെയ്യുന്നില്ലെന്ന് കമ്മീഷന് ഉറപ്പുവരുത്തും.
10. ഈ തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സേവനം ഉറപ്പാക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്. ബിഎല്‍ഒമാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കേണ്ടത് ഇവരുടെ ചുമതലയാണ്.