
സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിനായുള്ള കാലിക്കറ്റ് എഫ്സിയുടെ പുതിയ ടീമിനെ നേരില്‍ കാണാന്‍ കോഴിക്കോട് ബീച്ചില്‍ എത്തിയത് പതിനായിരങ്ങള്‍. പുതിയ അര്‍ജന്റീനിയന്‍ കോച്ചിനെയും ടീമംഗങ്ങളെയും ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്ന ചടങ്ങില്‍ കാലിക്കറ്റ് എഫ്സി ബ്രാന്‍ഡ് അമ്പാസിഡറും സംവിധായകനും നടനുമായ ബേസില്‍ ജോസഫ് ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമിട്ടു.
എസ്എല്‍കെ പ്രഥമ സീസണിലെ ജേതാക്കളാണ് കാലിക്കറ്റ് എഫ്സി.
സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണില്‍ സിഎഫ്സി വിജയകിരീടം ചൂടിയതിനു പിന്നില്‍ കോഴിക്കോട്ടെ ഫുട്ബോള്‍ പ്രേമികളുടെ അകമഴിഞ്ഞ പിന്തുണയും ആവേശപൂര്‍ണമായ പങ്കാളിത്തവുമുണ്ടായിരുന്നുവെന്ന് ടീം ഉടമയും ഐബിഎസ് സോഫ്റ്റ് വെയര്‍ സ്ഥാപകനുമായ വി കെ മാത്യൂസ് പറഞ്ഞു. ഓരോ ആരാധകനും കാലിക്കറ്റ് എഫ്സി സ്വന്തം ടീമാണെന്ന തോന്നല്‍ ഫുട്ബോളിന്റെ ആകെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
എം.കെ. രാഘവന് എം പി, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ആറ് വിദേശ കളിക്കാരും അഞ്ച് ദേശീയ താരങ്ങളും ഉള്‍പ്പെടെ 31 കളിക്കാരാണ് ടീമിലുള്ളത്. അന്താരാഷ്ട്ര പ്രശസ്തനായ അര്‍ജന്റീനിയന്‍ കോച്ച് എവര്‍ ഡിമാല്‍ഡെയാണ് ടീമിന്റെ മുഖ്യ പരിശീലകന്. സന്തോഷ് ട്രോഫിയില്‍ കേരള ടീമിന്റെ മുന്‍ പരിശീലകനായിരുന്ന ബിബി തോമസ് മുട്ടത്ത് സഹപരിശീലകനായും ടീമിനൊപ്പമുണ്ട്.
അലക്സിസ് ഗാസ്റ്റണ്‍ സോസ (അര്‍ജന്റീന, ഡിഫന്‍ഡര്‍), എന്റിക് ജാവിയര്‍ ബോര്‍ജ അരൗജോ (പരാഗ്വേ, ഫോര്‍വേഡ്), ഫെഡറിക്കോ ഹെര്‍മന്‍ ബോസോ ഫ്ലൂറി (അര്‍ജന്റീന, മിഡ്ഫീല്‍ഡര്‍), റിച്ചാര്‍ഡ് ഒസെയ് അഗ്യേമാങ് (ഘാന, ഡിഫന്‍ഡര്‍), നഹുവല്‍ ജോനാഥന് പെരേര (അര്‍ജന്റീന, മിഡ്ഫീല്‍ഡര്‍), സെബാസ്റ്റ്യന്‍ റിങ്കണ്‍ ലുസിമി (കൊളംബിയ, ഫോര്‍വേഡ്), യൂറി ഡി ഒലിവേരിയ (ബ്രസീല്‍, മിഡ്ഫീല്‍ഡര്‍) എന്നിവരാണ് വിദേശ താരങ്ങള്‍.
അജയ് അലക്സ് (ഡിഫന്‍ഡര്‍), അങ്കിത് ജാദവ്(ഫോര്‍വേര്‍ഡ്), ഹജ്മല്‍ സക്കീര്‍ (ഗോള്‍കീപ്പര്‍), മനോജ് എം (ഡിഫന്‍ഡര്‍), പ്രശാന്ത് കെ (ഫോര്‍വേഡ്), സെമിന്ലെന് ഡൗംഗല്‍ (ഫോര്‍വേഡ്), മുഹമ്മദ് അജ്സല്‍ (ഫോര്‍വേഡ്), ജഗനാഥ് ജയന് (ഡിഫന്‍ഡര്‍), മുഹമ്മദ് അര്‍ഷഫ് (മിഡ്ഫീല്‍ഡര്‍), മുഹമ്മദ് ആസിഫ് ഖാന് (മിഡ്ഫീല്‍ഡര്‍), മുഹമ്മദ് റിയാസ് പിടി (ഫോര്‍വേഡ്), സാച്ചു സിബി (ഡിഫന്‍ഡര്‍), അര്ജുന് വി (മിഡ്ഫീല്‍ഡര്‍), മുഹമ്മദ് റോഷല്‍ പിപി (ഫോര്‍വേഡ്), ക്രിസ്റ്റി ഡേവിസ് (മിഡ്ഫീല്‍ഡര്‍), മുഹമ്മദ് നിയാസ് കെ (ഗോള്‍കീപ്പര്‍), മുഹമ്മദ് അസ്ലം പി (ഡിഫന്‍ഡര്‍), ഷാരോണ്‍ പി (ഗോള്‍കീപ്പര്‍), അമന് കുമാര്‍ സാഹ്നി (ഗോള്‍കീപ്പര്‍), അരുണ്‍ കുമാര്‍ ഡി (മിഡ്ഫീല്‍ഡര്‍), മുഹമ്മദ് ആഷിഖ് കെ (ഫോര്‍വേഡ്), മുഹമ്മദ് സലീം യു (ഡിഫന്‍ഡര്‍), വിശാഖ് മോഹനന് (മിഡ്ഫീല്‍ഡര്‍), ഷബാസ് അഹമ്മദ് എം (ഡിഫന്‍ഡര്‍) എന്നിവരാണ് ആഭ്യന്തര താരങ്ങള്‍.
നാല് മണിക്കൂര്‍ നീണ്ടുനിന്ന ടീം അവതരണ ചടങ്ങില്‍ ആരാധകര്‍ക്കായി പെനാല്‍റ്റി ഷൂട്ടൗട്ട്, ഫുട്ബോള്‍ പ്രമേയത്തിലുള്ള മത്സരങ്ങള്‍ നടത്തി.
കാലിക്കറ്റ് എഫ്സിയുടെ ഈ സീസണിലെ പ്രമേയമായ ‘കിക്ക് ദി ഹാബിറ്റ് സേ നോ ടു ഡ്രഗ്സ്’ (ലഹരിയെ ഉപേക്ഷിക്കുക) എന്ന ലഹരി വിരുദ്ധ പ്രചാരണം വിവിധ വേദികളില്‍ വ്യാപകമായി നടത്തും. കായിക മാധ്യമപ്രവര്‍ത്തകനും പ്രശസ്ത കമന്റേറ്ററുമായ ഷൈജു ദാമോദരനാണ് ടീമിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. റാപ്പറും ഗാനരചയിതാവുമായ ഫെജോയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി ചടങ്ങ് മാറ്റു കൂട്ടി.
ജെഡിടി ഇസ്ലാം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഗ്രൗണ്ടില്‍ കാലിക്കറ്റ് എഫ്സി ടീം ഓഗസ്റ്റ് പകുതിയോടെ പരിശീലനം ആരംഭിച്ചിരുന്നു. പരിശീലനത്തിന്റെ ഭാഗമായി എഫ്സി ഗോവ, ഡെംപോ എസ്സി എന്നിവരുമായി സൗഹൃദ മത്സരങ്ങള്‍ കളിക്കാന്‍ ടീം ഉടന്‍ ഗോവയിലേക്ക് പോകും.
സൂപ്പര്‍ ലീഗ് കേരള 2025 ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് ആരംഭിക്കുന്നത്. കോഴിക്കോട്ടെ ഫുട്ബോള്‍ പ്രേമികള്‍ക്കുള്ള അംഗീകാരമെന്നോണം ടൂര്‍ണമെന്റിലെ രണ്ട് സെമിഫൈനലുകളും ഫൈനലും നഗരത്തില്‍ നടക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് ടീമുകളാണ് രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
Calicut FC team presents team members to the Kozhikode football fans