
കേരളത്തിലെ ദേശീയ, സംസ്ഥാന പാതകളിലും മറ്റ് പ്രധാന റോഡുകളിലും നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും മൂലം റോഡ് ഗതാഗതം താറുമാറായിരിയ്ക്കുകയാണ്. ഇക്കാരണത്താൽ ഒരുപാട് റോഡ് യാത്രികർ ഇപ്പോൾ തീവണ്ടികളെയാണ് ആശ്രയിയ്ക്കുന്നത്. ഇത് മൂലം ഹൃസ്വദൂര യാത്രകൾ വളരെ ദുരിതപൂർണ്ണമായിരിയ്ക്കുകയാണ്. പ്രത്യേകിച്ചും രാവിലെയും വൈകീട്ടുമുള്ള യാത്രകൾ. തിങ്കളാഴ്ചകളിൽ രാവിലെ തൃശ്ശൂർ ഭാഗത്തുനിന്നും എറണാകുളത്തേയ്ക്കും വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ടുമുള്ള യാത്രകളാണ് ഏറ്റവും കഠിനം. വാഗൺ ട്രാജഡിയെ ഓർമ്മിപ്പിയ്ക്കും വിധം തിങ്ങിനിറഞ്ഞാണ് തീവണ്ടികൾ ഓടുന്നത്. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. ടിക്കറ്റെടുത്തിട്ടും പലപ്പോഴും വണ്ടിയിൽ കയറാനാകാത്ത അവസ്ഥയാണ്.
ഇതിനിടയിലാണ് അറ്റകുറ്റപണികളുടെ പേരിൽ റെയിൽവേ കോച്ചുകൾ കുറയ്ക്കുന്നത്. വൈകീട്ടുള്ള 66320 എറണാകുളം – ഷൊർണ്ണൂർ മെമു 16 കോച്ചുകളായി വർദ്ധിപ്പിച്ചുവെങ്കിലും പലപ്പോഴും വെള്ളി, ശനി ദിവസങ്ങളിൽ 12 കോച്ചുകൾ മാത്രമാണുണ്ടാകുന്നത്. ഈ വണ്ടി പിന്നീട് ഷൊർണ്ണൂരിൽ നിന്നും നിലമ്പൂർ വരെ പോകുന്നതിനാൽ യാത്രികരുടെ എണ്ണം കൂടിയിട്ടുമുണ്ട്.
അതുപോലെ 66610 എറണാകുളം – പാലക്കാട് മെമുവിൽ 8 കോച്ചുകൾ മാത്രമാണുള്ളത്. 16307 ആലപ്പുഴ – കണ്ണൂർ എക്സ് പ്രസ്സിലും വലിയ തിരക്കാണ്. കേരളത്തിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ പാസ്സഞ്ചർ/മെമു വണ്ടികളും ചുരുങ്ങിയത് 16 കോച്ചുകളെങ്കിലുമുള്ള മെമു വണ്ടികളാക്കി മാറ്റണമെന്നും അവ ആഴ്ചയിൽ എല്ലാ ദിവസവും ഓടണമെന്നും ഇതിനാവശ്യമായ മെമു കോച്ചുകൾ അടിയന്തരമായി തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്ക് അനുവദിയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തൃശ്ശൂർ റെയിൽവേ പാസ്സഞ്ചേഴ്സ് അസ്സോസിയേഷൻ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്ക് നിവേദനം നൽകി.