
ആരോഗ്യവകുപ്പ് ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ പാലക്കാട് നല്ലേപ്പിള്ളി വാളറയിലെ ബേക്കറി അടച്ചുപൂട്ടി. ‘ആരോഗ്യ ജാഗ്രത’ എന്ന പേരില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിനിന്റെ ഭാഗമായാണ് പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തിയത്.
ബേക്കറിയില്‍ കേക്കുകളുണ്ടാക്കാന്‍ പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായി സംഘം കണ്ടെത്തി. തൊഴിലാളികള്‍ക്ക് നിര്‍ബന്ധമാക്കിയ ഹെല്‍ത്ത് കാര്‍ഡും ബേക്കറിയിലെ തൊഴിലാളികള്‍ക്ക് ഉണ്ടായിരുന്നില്ല.
അനാരോഗ്യകരമായ അന്തരീക്ഷത്തിലാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുന്നതെന്നും പരിശോധന സംഘം കണ്ടെത്തി. ഇതോടെ സ്ഥാപനം അടച്ച് പൂട്ടാനായി സ്റ്റോപ്പ് മെമോ നല്‍കുകയായിരുന്നു.
അപാകതകള്‍ പരിഹരിച്ച് തുടര്‍ പരിശോധനക്ക് ശേഷം മാത്രമാണ് സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാനാവൂ.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.ജി ഗോപകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ.റിജിന്‍ , ഒ.ബി ബബിത , എസ്.മനീഷ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്.