
സൂപ്പര്‍ലീഗ് കേരളയുടെ പ്രഥമ സീസണില്‍ നിര്‍ഭാഗ്യം കൊണ്ട് കൈവിട്ടുപോയ കിരീടത്തില്‍ ഇത്തവണ മുത്തമിടാനൊരുങ്ങി ഫോഴ്സ കൊച്ചി. ഫുട്ബോളില്‍ അതികായരായ ബാഴ്സിലോണയില്‍ നിന്നുള്ള മിഖേല്‍ ലാഡോ പ്ലനെ കളി പഠിപ്പിക്കുന്ന കൊച്ചിക്കായി തന്ത്രങ്ങള്‍ മെനയാന്‍ സനുഷ് രാജും ഗോള്‍ കീപ്പര്‍ കോച്ചായി ഹര്‍ഷല്‍ റഹ്മാനും ടീമിനൊപ്പമുണ്ട്. ഇ
ത്തവണ പുതിയ താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ടീമൊരുക്കിയിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള രചിത് ഐത് അത്മാനെ, ഇക്കര്‍ ഹെര്‍ണാണ്ടസ്, റീഗോ റമോണ്‍, ജിംനാവാന്‍ കെസല്‍, ഡഗ്ളസ് ടാര്ഡിന് അടക്കമുള്ള വിദേശതാരങ്ങളുടെ കരുത്താണ് കൊച്ചിയുടെ ഫോഴ്സ്. മൈക്കല്‍ സുസൈ രാജ്, നിജോ ഗിൽബർട്ട് ഗോൾ കീപ്പർ റഫീഖ് അലി സര്‍ദാര്‍ അടക്കമുള്ള താരങ്ങളും കൊച്ചിക്ക് പ്രതീക്ഷ നല്‍കുന്നവരാണ്.
ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് ഇ എം എസ് സ്റ്റേസിയത്തില്‍ ഉദ്ഘാടനമത്സരത്തില്‍ തങ്ങളുടെ കിരീടമോഹം തകര്‍ത്ത എതിരാളികള്‍ക്ക് മേല്‍ മിന്നും വിജയത്തില്‍ കുറച്ചൊന്നും ക്ലബ് പ്രതീക്ഷിക്കുന്നില്ല. വിജയത്തോടെ ലീഗിലെ മറ്റു മത്സരങ്ങള്‍ക്ക് ഉള്ള ഊര്‍ജ്ജം കൂടിയാണ് ഫോഴ്സ നേടുന്നത്. പനമ്പള്ളി സ്കൂള്‍ സ്റ്റേഡിയത്തിലാണ് ടീം പരിശീലിക്കുന്നത്.
ഹോം ഗ്രൗണ്ടായ കൊച്ചിന് മഹാരാജാസ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ മൂന്നാം വാരമാണ് ആദ്യമത്സരം. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനവും, പൃഥ്വിരാജിന്റെ താരസാന്നിധ്യവും ക്ലബിന് ഫുട്ബോള്‍ ആരാധകരില്‍ ഏറെ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ നേരത്തെ തന്നെ കളിക്കാരെ ടീമിലെടുത്തും, പരിശീലനക്യാമ്പ് തുടങ്ങിയും ക്ലബ് മത്സരങ്ങള്‍ക്ക് തയ്യാറെടുപ്പ് പൂര്‍ത്തിയായി വരുന്നു.