
ലോക ഹൃദയ ദിനാചരണത്തിൻ്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷനും കേരള ഹാർട്ട് കെയർ സൊസൈറ്റിയും സംയുക്തമായി വിവിധ ആശുപത്രികൾ , മറ്റ് സാമൂഹ്യ സാംസ്ക്കാരിക സംഘടനകളുടെ സഹകരണത്തോടെ 20 വർഷമായി നടത്തിവരുന്ന “ഹൃദയത്തിന് വേണ്ടി ഒരു നടത്തം ” സെപ്റ്റംബർ 29 ന് നടക്കും.
രാവിലെ 7 ന് മാനാഞ്ചിറ മുഖ്യ പ്രവേശന കവാടത്തിൽ നിന്നും ആരംഭിക്കുന്ന പരിപാടി മേയർ ഡോ എം ബീന ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് കമ്മീഷണർ ഓഫീസ് , സി എസ് ഐ ചർച്ച് ,സി എച്ച് ഓവർ ബ്രിഡ്ജ്,ഹെഡ് പോസ്റ്റ് ഓഫീസ്,ആദായ നികുതി ഓഫീസ് വഴി ടൗൺ ഹാളിൽ സമാപിക്കും. തുടർന്ന് ടൗൺ ഹാളിൽ പ്രഗത്ഭ കാർഡിയോളജിസ്റ്റുകളുമായി മുഖാമുഖം, സി പി ആർ പ്രദർശനം എന്നിവ നടക്കും. 80 വയസ് തികഞ്ഞ മലബാറിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. കെ സുഗതനെയും പ്രശ്സത കാർഡിയോ സർജൻ വി നന്ദകുമാറിനെയും ആദരിക്കും.
നടത്തം പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള സംഘടനകൾ ബാനറുമായി രാവിലെ 6.30 ന് മുൻപായി മാനാഞ്ചിറ മുഖ്യ കവാടത്തിന് സമീപം എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു .
മേയറുടെ ചേംബറിൽ നടന്ന വാർത്ത സമ്മേളനത്തിൽ മേയർ എം ബീന ഫിലിപ്പ്, കേരള ഹാർട്ട് കെയർ സൊസൈറ്റി പ്രസിഡൻ്റ് ഡോ കെ കുഞ്ഞാലി, പ്രോഗ്രാം കോർഡിനേറ്റർ ആർ ജയന്ത് കുമാർ എന്നിവർ പങ്കെടുത്തു.