കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2024ലെ മുഷ്ത്താഖ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുഷ്താഖ് സ്പോര്‍ട്സ് ജേണലിസം അവാര്‍ഡിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആര്. സാംബനും സ്പോര്‍ട്സ് ഫോട്ടോഗ്രാഫി അവാര്‍ഡിന് മലയാള മനോരമ എറണാകുളം യൂനിറ്റ് ഫോട്ടോഗ്രാഫര്‍ ജിബിന്‍ ചെമ്പോലയും അര്‍ഹരായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ. മുഹമ്മദ്കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയതാണ് 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡുകള്‍.
‘എവിടെ മറയുന്നു തീജ്വാലകള്‍’ എന്ന തലക്കെട്ടില്‍ 2024 സെപ്റ്റംബര്‍ 19 മുതല്‍ 25 വരെ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച പരമ്പരയാണ് ആര്. സാംബനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കായികമേഖലയില്‍ ഇടുക്കി ജില്ലയുടെ കുതിപ്പും കിതപ്പും പ്രതിപാദിക്കുന്നതാണ് പരമ്പര.
2024 നവംബര്‍ ഒന്‍പതിന് മലയാള മനോരമയില്‍ ‘മുറിഞ്ഞല്ലോ സ്വപ്നം’ എന്ന ക്യാച്ച് വേര്‍ഡോടെ പ്രസിദ്ധീകരിച്ച, കൊച്ചിയില്‍ നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ട് മത്സരത്തിനിടെ കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസിലെ സെഫാനിയ നിറ്റുവിന്റെ മുളകൊണ്ടുള്ള പോള്‍ ഒടിഞ്ഞ ചിത്രമാണ് ജിബിന്‍ ചെമ്പോലയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ പി.കെ രവീന്ദ്രന്, എ.എന്‍ രവീന്ദ്രദാസ്, ടി.ആര് മധുകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് മുഷ്താഖ് ജേണലിസം അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാരായ പി. മുസ്തഫ, വി. ആലി, പി.ആര്.ഡി റിട്ട.ഡപ്യൂട്ടി ഡയറക്ടര്‍ ടി. വേലായുധന് എന്നിവരടങ്ങിയ ജൂറിയാണ് മുഷ്താഖ് ഫോട്ടോഗ്രാഫി അവാര്‍ഡ് നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദും സെക്രട്ടറി പി.കെ സജിത്തും അറിയിച്ചു.
32 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്തുള്ള ആര്. സാംബന് തൊടുപുഴ കോലാനി ഓവൂര്‍ കുടുംബാംഗമാണ്. 1993ല്‍ ദേശാഭിമാനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഒരു വര്‍ഷം മുമ്പാണ് ജനയുഗത്തില്‍ ചേര്‍ന്നത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ മാധ്യമ പുരസ്കാരം, സരോജിനി നായിഡു പുരസ്കാരം, രാംനാഥ് ഗോയങ്കെ അവാര്‍ഡ്, സ്റ്റേറ്റ്സ്മാന് അവാര്‍ഡ്, കുഷ്റോ ഇറാനി പുരസ്കാരം, സംസ്ഥാന മാധ്യമ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ഭാരതി പുരസ്കാരം തുടങ്ങിയ തുടങ്ങി 60 മാധ്യമ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ: സേതുമോള്. മക്കള്‍: സാന്ദ്ര, വൃന്ദ. മരുമകന്:എസ.്അനൂപ്.
കോട്ടയം സ്വദേശിയായ ജിബിന്‍ കോട്ടയം പ്രസ് ക്ലബില്‍ നിന്ന് ഫോട്ടോ ജേണലിസം കോഴ്സ് ഒന്നാം റാങ്കോടെ പാസായി. മലയാള മനോരമ കോട്ടയം, ഇടുക്കി, കാസര്‍കോട് ജില്ലകളില്ജോലിചെയ്തു.
നിലവില്‍ എറണാകുളത്ത് സീനിയര്‍ ഫൊട്ടോഗ്രഫര്‍. സംസ്ഥാന സ്കൂള്‍ കായികമേളയിലെ മികച്ച ഫൊട്ടോഗ്രഫര്‍, വിക്ടര്‍ ജോര്‍ജ് ഫൊട്ടോഗ്രഫി അവാര്‍ഡ്, ലൂര്‍ദിയന്‍ ഫൊട്ടോഗ്രഫി അവാര്‍ഡ്തുടങ്ങിയവ നേടിയിട്ടുണ്ട്. പിതാവ്: ജേക്കബ് ജോണ്‍ ചെമ്പോല (റിട്ട. ഗവ. അധ്യാപകന്). മാതാവ് ലാലി ജോണ്‍ (റിട്ട. ഗവ. അധ്യാപിക), ഭാര്യ റിയ വര്‍ഗീസ് (യൂണിയന് ബാങ്ക് മാനേജര്‍).

