-സംസ്ഥാന-ജില്ലാ ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം സാഫിയ്ക്ക്_
തിരുവനന്തപുരം: കേരള ഡവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) നടത്തിയ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി.) 7.0-ൽ വഴായൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി (ഓട്ടോണോമസ് ) മികച്ച മുന്നേറ്റം നടത്തി. സംസ്ഥാന, ജില്ലാ തലങ്ങളിൽ മികവിൻറെ പുരസ്കാരങ്ങൾ നേടി സാഫി ഇൻസ്റ്റിറ്റ്യൂട്ട് മാതൃകയായി.
ആർട്സ് ആന്റ് സയൻസ് കോളജ് സംസ്ഥാന തലത്തിലും, മലപ്പുറം ജില്ല വിഭാഗത്തിലും മികച്ച ഇൻസ്റ്റിറ്റ്യൂട്ടിനുള്ള രണ്ട് പുരസ്കാരങ്ങളും സാഫി നേടി. സംസ്ഥാന, ജില്ലാ തലങ്ങളിൽ മികച്ച ഫെസിലിറ്റേറ്റർ പുരസ്കാരം, കോളേജ് വൈ.ഐ.പി. ഫെസിലിറ്റേറ്റർ
ശ്രീ. വാസിൽ വഫീഖ് നേടിയതും സ്ഥാപനത്തിന്റെ അഭിമാനം വർദ്ധിപ്പിച്ചു.
വിവിധ ഡിപ്പാർട്മെന്റുകളിലായി യംഗ് ഇന്നൊവേറ്റേഴ്സ് ശാസ്ത്ര,സാമൂഹിക,വാണിജ്യ മേഖലകളിൽ 684-ൽപരം പുതിയ ഐഡിയ കൾ സമർപ്പിച്ചു.
വിദ്യാർത്ഥികളുടെ ചിന്താശേഷിയെ യഥോചിതം ഉപയോഗപ്പെടുത്തുക,സാമൂഹ്യ പുരോഗതിയ്ക്കുവേണ്ടിയുള്ള ദീർഘവീക്ഷണങ്ങളെ ജാഗ്രവത്താക്കുക, വിദ്യാർത്ഥി-അധ്യാപക പ്രതിബദ്ധതയെ ചലനാത്മകമാക്കാൻ പോന്ന താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കോളജ് പ്രിൻസിപ്പലും ,സാഫി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂട്ടിന്റെ സി. ഇ .ഒയുമായ പ്രൊഫ. ഇ പി .ഇമ്പിച്ചിക്കോയ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക് കോളജിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരങ്ങൾ വിതരണം ചെയ്തു. സാമൂഹിക ക്ഷേമവും, സംരംഭകത്വവും ഉന്നത വിദ്യാഭ്യാസമേഖലയിൽ എങ്ങനെ സമന്വയിപ്പിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സാഫി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികവാർന്ന ഈ നേട്ടമെന്നും മലയാളി യുവതയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ നേർ സാക്ഷ്യമാണ് ഈ ബഹുമതികൾ എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങിൽ പറഞ്ഞു.

