തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരും. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി 2 ഘട്ടങ്ങളിലായാവും പരീക്ഷ നടത്തുക.
വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് ക്രിസ്മസ് പരീക്ഷ ആരംഭിക്കുക. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തേണ്ടതായി വരുന്നത്. ഡിസംബർ 9, 11 തീയതികളിലാണ് വോട്ടെടുപ്പ്. 13 നാണ് ഫലപ്രഖ്യാപനം. ഈ ഘട്ടത്തിലാണ് ക്രിസ്മസിന് മുൻപും ശേഷവുമായി 2 ഘട്ടങ്ങളില്‍ പരീക്ഷ നടത്താൻ ആലോചിക്കുന്നത്.
ഫലപ്രഖ്യാപനത്തിന് ശേഷം 15 മുതല്‍ 19 വരെ പരീക്ഷ നടത്താം. 20 മുതല്‍ 28 വരെയാണ് ക്രിസ്മസ് അവധി. രണ്ടാം ഘട്ട പരീക്ഷകള്‍ ഡിസംബറിലെ അവസാന ദിവസങ്ങളിലും ജനുവരി ആദ്യ ആഴ്ചയുമായി നടത്തേണ്ടി വരും.
വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ പ്രധാനമായും സ്കൂളുകളാണെന്നതും അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടെന്നതുമാണ് പ്രതിസന്ധിക്ക് കാരണം. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിലാവും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക.

