കോഴിക്കോട് ജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം നാടകത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ജി.എച്ച്.എസ്.എസ്കോക്കല്ലൂർ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. “കുരിശ് ” എന്ന നാടകമാണ് കോക്കല്ലൂർ നാടക മക്കൾ അരങ്ങിൽ തകർത്താടിയത്. ഈ നാടകത്തിൽ ഏലിയാമ്മയുടെയും വചന പ്രഭാഷകൻ ജോർജ് സാറിന്റെയും വേഷങ്ങൾ ചെയ്ത ജെ.എസ്.വൈഷ്ണവി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഇത് പത്താം തവണയാണ് കോക്കല്ലൂർ സംസ്ഥാന കലോത്സവം ഹയർ സെക്കന്ററി നാടക മത്സരത്തിലേക്ക് അർഹത നേടുന്നത്.
എൽ.എസ്. സുമന , എ.എസ്. അശ്വിനി, ഗൗതം ആദിത്യൻ, എസ്.ജി.ഗൗരി പാർവ്വതി, ജെ.എസ്. വൈഷ്ണവി, ആർ.പി. ഘനശ്യാം, സഹജ് വിനോദ്, ശ്രിയാ ലക്ഷ്മി ശ്രീജിത്ത്, ജെ.എസ്. വേദിക, എസ്. വേദ രാജീവ് എന്നിവരാണ് നാടക സംഘാംഗങ്ങൾ.
സത്യ നന്മകളുടെ കുരിശ്, മനുഷ്യ സ്നേഹത്തിന്റെയും കരുണയുടെയും സഹനത്തിന്റെയും കുരിശ്, തിന്മയെ കീഴ്പ്പെടുത്തി കപട ആണത്തത്തെ ചോദ്യം ചെയ്ത് മതങ്ങൾക്കപ്പുറം സഹജീവിയോടുള്ള കരുതലും സൗഹാർദ്ദവും ഉറക്കെ പ്രഖ്യാപിക്കുന്ന കുരിശ്. കല്ലെറിഞ്ഞാലും കുരിശിലേറ്റിയാലും സത്യവും നന്മയും സ്നേഹവും ഉയിർത്തെഴുന്നേൽക്കും എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന കുരിശ്.
വിനോയ് തോമസിന്റെ “വിശുദ്ധ മഗ്ദലന മറിയത്തിന്റെ പള്ളി ” എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് ” കുരിശ് “. രചന വിനീഷ് പാലയാട്. സംവിധാനം മനോജ് നാരായണൻ.
ആർട്ട്, സെറ്റ് ഡിസൈൻ നിധീഷ് പൂക്കാട്,
വസ്ത്രാലങ്കാരം ജയിംസ് ചങ്ങനാശ്ശേരി,
സംഗീതം സത്യജിത്ത്, കോക്കല്ലൂർ നാടക കൂട്ടായ്മയായ മാവറിക്സ് ക്രിയേറ്റീവ് കലക്ടീവിന്റെ സഹകരണത്തോടെയും പിന്തുണയോടെയുമാണ് നാടകം ഒരുക്കിയിരിക്കുന്നത്.
കോക്കല്ലൂർ അവതരിപ്പിച്ച കുഞ്ഞുച്ചേട്ടന്റെ കുഞ്ഞ്, പുലി പറഞ്ഞ കഥ, തേൻ, ഓട്ട, കക്കുകളി, സിംഗപ്പൂർ, കലാസമിതി, കുമരു, ഏറ്റം എന്നീ ഒമ്പത് നാടകങ്ങൾ മുൻ വർഷങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടി ശ്രദ്ധേയമായവയാണ്. കാസർഗോഡ് സംസ്ഥാന കലോത്സവത്തിൽ കോക്കല്ലൂരിന്റെ “സിംഗപ്പൂർ” എന്ന നാടകത്തിൽ ബി.എസ്.അദ്വൈത് മികച്ച നടനായിരുന്നു. കൊല്ലത്ത് “കുമരു”വിലും തിരുവനന്തപുരത്ത് “ഏറ്റ”ത്തിലും യദുകൃഷ്ണ റാം തുടർച്ചയായി രണ്ടു വർഷങ്ങളിൽ മികച്ച നടനായി ചരിത്രനേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.

