
മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 31 ന് ജില്ലയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം, ഫറോക്ക് താലൂക്ക് ആശുപത്രി പുതിയ കെട്ടിട ഉദ്ഘാടനം എന്നിവ നിർവഹിക്കും. വനം വകുപ്പ് സംഘടിപ്പിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷം ജനകീയ സദസ്സിലും മുഖ്യമന്ത്രി പങ്കെടുക്കും.
മനുഷ്യ-വന്യജീവി സംഘർഷം; ജനകീയ സദസ്സ്
പൊതുജന പങ്കാളിത്തത്തോടെ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി 31ന് സംഘടിപ്പിക്കുന്ന ജനകീയ സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. കോഴിക്കോട് കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ ആരംഭിക്കുന്ന സദസ്സിൽ മന്ത്രിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, വിവിധ മേഖലകളിലെ പ്രതിനിധികൾ, കർഷക പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
തീവ്രയജ്ഞ പരിപാടിയുടെയും മറ്റ് ജനക്ഷേമ പ്രവർത്തനങ്ങളുടെയും പ്രവർത്തനാരംഭം മുഖ്യമന്ത്രി പ്രഖ്യാപിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എംഎൽഎ എന്നിവർ മുഖ്യ രക്ഷാധികാരികളാകും. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവർ, കർഷക പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിഷയവിദഗ്ധർ, ഗോത്രവിഭാഗ പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് 27ന് തിരുവനന്തപുരത്ത് നടത്തുന്ന ഏകദിന ശിൽപശാലയുടെ തുടർച്ചയായാണ് ജില്ലയിൽ ജനകീയ സദസ്സ് സംഘടിപ്പിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെ ഫറോക്ക് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം
ബേപ്പൂർ നിയോജക മണ്ഡലത്തിലെ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പുതിയതായി നിർമിച്ച കെട്ടിട സമുച്ചയം 31ന് രാവിലെ പത്തിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. 1.70 ഏക്കർ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടെ 23.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. 47, 806 ചതുരശ്ര അടി വിസ്തൃതിയിൽ വിവിധ സ്പെഷാലിറ്റികൾ, ഓപ്പറേഷൻ തിയറ്ററുകൾ, ലാബുകൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് നിർമാണം പൂർത്തീകരിച്ചത്. ആശുപത്രിയിൽ ഒരേസമയം 103 രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയും. ഓക്സിജൻ പ്ലാന്റ്, ട്രോമാ കെയർ യൂണിറ്റ്, അത്യാഹിത വിഭാഗം തുടങ്ങിയ സൗകര്യങ്ങളും പുതിയ ആശുപത്രിയുടെ ഭാഗമായുണ്ട്.കോഴിക്കോട് ലൈവ്
പൊതുമേഖല സ്ഥാപനമായ വാപ്കോസിനായിരുന്നു നിർമാണ ചുമതല. ഫറോക്ക്, രാമനാട്ടുകര നഗരസഭകൾ, കോഴിക്കോട് കോർപറേഷനിലെ ചെറുവണ്ണൂർ, ബേപ്പൂർ മേഖല, കടലുണ്ടി, മലപ്പുറം ജില്ലയിലെ വാഴയൂർ, ചേലേമ്പ്ര, ചെറുകാവ്, വള്ളിക്കുന്ന് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്ന് രോഗികൾ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കുവേണ്ടി എത്താറുണ്ട്.
നിലവിൽ ആശുപത്രിയിൽ ഒപി, ഐപി സേവനം, ഫാർമസി, ഗർഭിണികളുടെയും കുട്ടികളുടെയും പ്രതിരോധ കുത്തിവയ്പ്പുകൾ, പൊതുജന ആരോഗ്യം, പാലിയേറ്റീവ് പരിചരണം, ജീവിത ശൈലിരോഗ നിർണയ ക്യാംപുകൾ, നേത്രപരിശോധന, സ്കൂൾ ആരോഗ്യ പദ്ധതി, മാനസികാരോഗ്യ പദ്ധതി, കേൾവി പരിശോധന, സ്പെഷാലിറ്റി വിഭാഗം, മെഡിസിൻ, ജനറൽ വിഭാഗം, പീഡിയാട്രിക് ഒപി, ഡയാലിസിസ്, ദന്ത വിഭാഗം എന്നിവ മികച്ച രീതിയിൽ പ്രവർത്തനം നടത്തി വരുന്നുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.കെ.രാഘവൻ എംപി, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രാഗഡെ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് തുടങ്ങിയവർ പങ്കെടുക്കും.കോഴിക്കോട് ലൈവ്
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം 31 ന് ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാവും.
വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, പട്ടികജാതി പട്ടിക വർഗ വികസനം വകുപ്പ് മന്ത്രി ഒ.ആർ. കേളു, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, പ്രിയങ്ക ഗാന്ധി എംപി, ലിന്റോ ജോസഫ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ സംയുക്ത കരാറിലാണ് നിർമാണം നടക്കുക.
ഭോപ്പാൽ ആസ്ഥാനമായുള്ള ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായുള്ള റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാറെടുത്തത്. 2,134 കോടി രൂപയാണ് പദ്ധതി ചെലവ്.