
പേരാമ്പ്രയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥി മരിച്ച സംഭവത്തിൽ ബസിന്റെ പെർമിറ്റ് മൂന്ന് മാസത്തേക്ക് റദ്ദ് ചെയ്യാൻ നിർദേശിച്ച് ജില്ലാ കളക്ടർ.
പേരാമ്പ്ര-കോഴിക്കോട് റൂട്ടിൽ ഓടുന്ന കെഎൽ 11 എജി 3339 ബസിന്റെ പെർമിറ്റാണ് റദ്ദാക്കുക. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച നിർദേശം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് നൽകി.
കളക്ടറേറ്റിൽ ചേർന്ന റീജ്യനൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടത്. ജൂലായ് 19-ന് വൈകീട്ട് നടന്ന അപകടത്തിലാണ് മരുതോങ്കര മൊയിലോത്തറ താഴത്തു വളപ്പിൽ അബ്ദുൾ ജലീലിന്റെ മകൻ അബ്ദുൾ ജവാദിന് (19) ജീവൻ നഷ്ടമായത്.
പേരാമ്പ്ര കക്കാട് ബസ് സ്റ്റോപ്പിന് സമീപം, പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ജവാദ് ഓടിച്ച ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസും ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.