
നവംബര്‍ ഒന്നു മുതല്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വില്പനശാലകളില് സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% വരെ വിലക്കുറവ് നല്‍കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില്‍.
സപ്ലൈകോ നിലവില്‍ നല്കുന്ന വിലക്കുറവിന് പുറമേയാണ് ഇത്. സപ്ലൈകോയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സര്‍ക്കാര്‍ സ്ഥാപനം എന്നതിന് അപ്പുറത്തേക്ക്, ബിസിനസ് സ്ഥാപനം എന്ന നിലയില്‍ സപ്ലൈകോ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയില്‍ ശൃംഖലകളോട് കിടപിടിക്കത്തക്ക വിധത്തില്‍ ഇതിനനുസൃതമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും സപ്ലൈകോ ആവിഷ്കരിക്കുന്നുണ്ട്.
അതോടൊപ്പം തന്നെ പൊതുജനങ്ങളെ സഹായിക്കുന്ന വിധത്തിലുള്ള വിപണി ഇടപെടലും നടത്തുന്നു. നവംബര്‍ ഒന്നു മുതല്‍ വിവിധതരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കും. 250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയില്‍ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്സിഡി അരിയില്‍ ഉള്‍പ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 20 കിലോഗ്രാം അരി നല്‍കും. നിലവില്‍ ഇത് 10 കിലോഗ്രാം ആണ്.
സപ്ലൈകോയിലെ ഉപഭോക്താക്കള്‍ക്ക് പ്രിവിലേജ് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തും. ഇതുവഴി ഓരോ പര്‍ച്ചേസിലും പോയിന്റുകള്‍ ലഭിക്കുകയും, ഈ പോയിന്റുകള്‍ വഴി പിന്നീടുള്ള പര്‍ച്ചേസുകളില്‍ വിലക്കുറവ് ലഭിക്കുകയും ചെയ്യും.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 30 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളും, 15 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ സ്റ്റോറുകളും ആയി നവീകരിക്കും. ആറ് പുതിയ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കും.
ഈ വര്‍ഷം ഡിസംബര്‍ മാസത്തോടെ തലശ്ശേരി, എറണാകുളം, കോട്ടയം സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആധുനിക ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സിഗ്നേച്ചര്‍ മാര്‍ട്ടുകള്‍ ആക്കും.
ജിഎസ്ടി പുനക്രമീകരണം വന്നപ്പോള്‍ ഉല്‍പ്പന്നങ്ങള്‍ക്കുണ്ടായ വിലക്കുറവിന്റെ ആനുകൂല്യം സപ്ലൈകോ പൂര്‍ണ്ണ തോതില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങള്‍ മറ്റു വില്പനശാലകളില് കൂടി വിപണനം നടത്തുമെന്നും മന്ത്രി പറഞ്ഞു. മില്ലുടമകളുമായി ധാരണയില്‍ എത്തിയതിനുശേഷം നെല്ല് സംഭരിച്ച് പ്രോസസ് ചെയ്ത് സപ്ലൈകോ വില്പന ശാലകള്‍ വഴി വിപണനം ചെയ്യുന്നതും പരിഗണനയിലുണ്ട്.
സമാപന സമ്മേളന ഉദ്ഘാടനചടങ്ങില്‍ കെ എന്‍ ഉണ്ണികൃഷ്ണന് എംഎല്‍എ അധ്യക്ഷനായിരുന്നു. ജയകൃഷ്ണന് വി എം സപ്ലൈകോയുടെ ഭാവി പരിപാടികള്‍ അടങ്ങിയ വിഷന്‍-30 അവതരിപ്പിച്ചു.
സപ്ലൈകോ മുന്‍ മാനേജിംഗ് ഡയറക്ടര്‍മാരായ ജിജി തോംസണ്‍, എം എസ് ജയ, പി എം അലി അസ്ഗര്‍ പാഷ, ഡോ. സഞ്ജീബ് പട്ജോഷി, ഡോ. ശ്രീറാം വെങ്കിട്ടരാമന് തുടങ്ങിയവര്‍ സംസാരിച്ചു.
സപ്ലൈകോ മുന്‍ മാനേജിംഗ് ഡയറക്ടര്‍മാര്‍, മുന്‍ ജനറല്‍ മാനേജര്‍മാര്‍ ആര്. വേണുഗോപാല്‍, ബി. അശോകന്, മുന്‍ വിജിലന്‍സ് ഓഫീസര്‍മാര്‍ ബേസില്‍ ജോസഫ്, ഇ. എം ഷംസു ഇല്ലിക്കല്‍, ടോമി സെബാസ്റ്റ്യന്‍, സി എസ് ഷാഹുല്‍ ഹമീദ് തുടങ്ങിയവരെ ആദരിച്ചു.
സപ്ലൈകോ ഓണം ലക്കി ഡ്രോ ഒന്നാം സമ്മാനം ഒരു പവന് സ്വര്‍ണം ഇടുക്കി സ്വദേശി തേയിലത്തോട്ട തൊഴിലാളിയായ മുനിയമ്മയ്ക്ക് മന്ത്രി സമ്മാനിച്ചു.
രണ്ടാം സമ്മാനമായ ലാപ്ടോപ്പ് തൃശ്ശൂര്‍ സ്വദേശി എ കെ രത്നം, വടകര സ്വദേശി ആദിദേവ് സി വി, മൂന്നാം സമ്മാനമായ സ്മാര്‍ട്ട് ടിവി കണ്ണൂര്‍ സ്വദേശിനി രമ്യ ചന്ദ്രന് എന്നിവര്‍ക്ക് സമ്മാനിച്ചു. ഓണം ലക്കി ഡ്രോ ജില്ലാതല സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.