സംസ്ഥാനത്ത് മഴക്കാല പൂർവ്വ  മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം

സംസ്ഥാനത്ത് മഴക്കാല പൂർവ്വ  മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം

സംസ്ഥാനത്ത് മഴക്കാല പൂർവ്വ  മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗം ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. 

മെയ് 20നകം ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാന്‍ പ്രാദേശിക കര്‍മ്മ പദ്ധതി  തയ്യാറാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.  ജില്ലാ, താലൂക്ക് തലങ്ങളില്‍ തയ്യാറാക്കിയട്ടുള്ള ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം കൃത്യമായും സമയബന്ധിതമായും പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കണം. 

ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വില്ലേജ് തലത്തിലും പുതുക്കണം. ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ആദ്യ ആഴ്ചയില്‍ പ്രത്യേക ജില്ലാതല അവലോകനയോഗം നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയൊ ജില്ലാകളക്ടറുടെയൊ നേതൃത്വത്തിലാണ് യോഗം ചേരേണ്ടത്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിക്കുന്ന ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍ എല്ലാ വകുപ്പുകളും സ്വീകരിച്ചുവെന്ന് ഉറപ്പാക്കണം. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായി മഴക്കാല പൂര്‍വ്വ ശുചീകരണം ആരംഭിക്കണം. വേനല്‍ മഴ ശക്തമാകുന്നതിന് മുന്‍പ് ഓടകള്‍, കൈത്തോടുകള്‍, കള്‍വര്‍ട്ടുകള്‍, ചെറിയ കനാലുകള്‍ എന്നിവയിലെ തടസ്സങ്ങള്‍ നീക്കണം. 

മാലിന്യ നിര്‍മാര്‍ജനം വേഗത്തില്‍ നടത്തുകയും മഴയ്ക്ക് മുന്‍പായി പൊതു ഇടങ്ങളില്‍ മാലിന്യം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. കൊതുക് നിര്‍മ്മാര്‍ജ്ജനം വ്യാപകമായി നടത്തണം. ഓടകള്‍, നീര്‍ച്ചാലുകള്‍, പൊതുജലാശയങ്ങള്‍ മുതലായ എല്ലാ ജല നിര്‍ഗമന പാതകളും വൃത്തിയാക്കണം. 

ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തുന്നതിനായി ഉപയോഗിച്ചു 

വരുന്ന കെട്ടിടങ്ങളിലും ക്യാമ്പുകളായി ഉപയോഗിക്കാന്‍ കണ്ടെത്തിയ കെട്ടിടങ്ങളിലും ശുചിമുറികള്‍, വൈദ്യുതി, ലൈറ്റ്, ഫാന്‍, അടുക്കള മുതലായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം. ക്യാമ്പുകള്‍ നടത്താനായി കണ്ടെത്തിയ കെട്ടിടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എല്ലാ പ്രാദേശിക സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും പരസ്യപ്പെടുത്തണം. 

അപകടാവസ്ഥയിലുള്ള മരങ്ങള്‍, മരച്ചില്ലകള്‍, ഹോര്‍ഡിങ്ങുകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കുന്ന പ്രവര്‍ത്തനം മഴയ്ക്കു മുന്നോടിയായി പൂര്‍ത്തീകരിക്കണം. 

ദേശീയ പാത നിര്‍മ്മാണവുമായ ബന്ധപ്പെട്ട് രൂപം കൊള്ളാനിടയുള്ള വെള്ളക്കെട്ടുകള്‍ ഇല്ലാതാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ചേര്‍ന്ന് സംയുക്ത പരിഹാര പദ്ധതി തയ്യാറാക്കണം. 

എല്ലാ പൊഴികളും ആവശ്യമായ അളവില്‍ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കണം. ഇത് മെയ് 25ന് മുന്‍പായി പൂര്‍ത്തീകരിക്കണം. പ്രധാന റെഗുലേറ്ററുകള്‍, സ്പില്‍ വേകള്‍ എന്നിവയുടെ മുന്‍പിലും, പുറകിലുമുള്ള തടസ്സങ്ങള്‍ നീക്കണം. എല്ലാ ഷട്ടറുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അണക്കെട്ടുകളിലെ ജലം കേന്ദ്ര ജലകമ്മിഷന്‍ അംഗീകരിച്ച റൂള്‍ കര്‍വ്വിന് മുകളില്‍ എത്തുന്നില്ലെന്ന് റൂള്‍ കര്‍വ് നിരീക്ഷണ സമിതി ഉറപ്പാക്കണം.

നഗര മേഖകളില്‍ ഡ്രൈനേജ് സംവിധാനങ്ങള്‍ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം. ഇത് മോണിറ്റര്‍ ചെയ്യാന്‍ എല്ലാ ജില്ലകളിലും പ്രത്യേക സംവിധാനം രൂപീകരിക്കണം. ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ, ഓപ്പറേഷന്‍ അനന്ത തുടങ്ങിയവക്ക് തുടര്‍ച്ചയുണ്ടാണം. അവയുടെ നിലവിലെ അവസ്ഥ പരിശോധിച്ച് അടിയന്തിര മുന്‍കരുതലുകള്‍ എടുക്കണം. കോഴിക്കോട് കനോലി കനാലിലെ ഒഴുക്ക് സുഗമമാക്കി ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കണം. 

അടിയന്തിര പ്രതികരണ സേന പുനരുജ്ജീവിപ്പിച്ച് ദുരന്ത സാധ്യതാ മുന്നറിയിപ്പ്, രക്ഷാപ്രവര്‍ത്തനം, പ്രഥമ ശുശ്രൂഷ, ക്യാമ്പ് മാനേജ്‌മെന്റ് എന്നിവയില്‍ പരിശീലനം ഉറപ്പാക്കണം.  സമഗ്രമായ ആശുപത്രി സുരക്ഷാ പ്രവര്‍ത്തന പദ്ധതി ആരോഗ്യ കേന്ദ്രങ്ങളിൽ ആവിഷ്‌കരിക്കണം. 

ട്രൈബല്‍ ഹാംലെറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കണം. കുടുംബശ്രീയുമായി ചേര്‍ന്ന് സാമൂഹ്യാധിഷ്ഠിത ദുരന്തപ്രതിരോധ സേനയെ സജ്ജമാക്കാന്‍ ആവശ്യമായ വോളണ്ടിയര്‍ പരിശീലനം സംഘടിപ്പിക്കണം.

ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ വീടുകളില്‍ താമസിക്കുന്നവരുടെ പ്രത്യേക പട്ടിക തയ്യാറാക്കണം. ഈ പ്രദേശത്തെ മുഴുവന്‍ ആളുകളുടെയും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് മഴ, ദുരന്ത സാധ്യതാ മുന്നറിയിപ്പ് എത്തിക്കണം. 

ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തി മഴ, ദുരന്ത സാധ്യതാ മുന്നറിയിപ്പ് എത്തിക്കണം. 

സ്‌കൂളുകളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കണം. ചുറ്റുമതില്‍, മേല്‍ക്കൂര, സമീപത്തുള്ള മരങ്ങള്‍ എന്നിവ അപകടാവസ്ഥയിലല്ലെന്ന് ഉറപ്പാക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ സ്‌കൂള്‍ ആപ്പ് ഉപയോഗിച്ച് എല്ലാ സ്‌കുളുകളും സ്‌കൂള്‍ സുരക്ഷാ പദ്ധതി തയ്യാറാക്കണം. സ്‌കൂള്‍ സേഫ്റ്റി പദ്ധതി സംബന്ധിച്ച് അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കണം. 

റോഡില്‍ പണി നടക്കുന്നയിടങ്ങളില്‍ സുരക്ഷാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നാഷണല്‍ ഹൈവേ, പൊതുമരാമത്ത് വകുപ്പ്, റോഡ് സേഫ്റ്റി അതോറിറ്റി എന്നിവര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കണം. റോഡിലുള്ള കുഴികള്‍ അടക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണം. കുഴികളും മറ്റും രൂപം കൊണ്ടിട്ടുള്ള സ്ഥലങ്ങളില്‍ ആളുകള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കണം.  കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. 

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയില്‍  ബോധവല്‍ക്കരണം നടത്തണം.  വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകടസാധ്യത മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കണം. 

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്ഥലം/കെട്ടിടം കണ്ടെത്തി രക്ഷാപ്രവര്‍ത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ സംഭരിക്കണം. ആപദ്മിത്ര, സിവില്‍ ഡിഫെന്‍സ് തുടങ്ങിയ പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരെ അഗ്‌നി സുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഈ കേന്ദ്രവുമായി ബന്ധിപ്പിക്കണം. 

ഗ്രാമപഞ്ചായത്തിന് 1 ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് 3 ലക്ഷം രൂപയും കോര്‍പറേഷന് 5 ലക്ഷം രൂപവരെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിക്കുന്ന ഉപകരണങ്ങള്‍ വാങ്ങുവാനും സംഭരണകേന്ദ്രം ആരംഭിക്കുന്നതിനും ജില്ലാദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നും ആവശ്യാനുസരണം അനുവദിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. കൂടുതലായി ഉപകരണങ്ങള്‍ ആവശ്യമായി വന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ തുക/ഉപകരണങ്ങള്‍ സ്വരൂപിക്കണം. സമഗ്രമായി പരിഷ്‌ക്കരിച്ച ഓറഞ്ച് ഡാറ്റ ബുക്ക് മെയ് 25നകം പുറത്തിറക്കണം.

ആരോഗ്യ ജാഗ്രതാ കലണ്ടറില്‍ നിര്‍ദ്ദേശിച്ച പ്രകാരം പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കണം. 

രണ്ടാഴ്ചയില്‍ ഒരിക്കല്‍ ജില്ലാതലത്തില്‍ അവലോകനയോഗം ചേര്‍ന്ന് പകര്‍ച്ചവ്യാധികളുടെ സ്ഥിതിഗതികള്‍ വിലയിരുത്തണം. എല്ലാ ആഴ്ചയിലും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരുടെ അവലോകനയോഗം ചേരണം. 

പ്രാണിജന്യ, ജന്തുജന്യ,  വായുജന്യരോഗങ്ങളുടെ വ്യാപനം തടയുന്നതിന്  മുന്‍കരുതലുകള്‍ സ്വീകരിക്കണം. 

വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെ എല്ലാ വകുപ്പുകളും ഏജന്‍സികളും ഏകോപിതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയും ജില്ലാതലത്തില്‍ കളക്ടര്‍മാരും ഏകോപനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. 

യോഗത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, എം.ബി. രാജേഷ്, പി പ്രസാദ്, വി. ശിവന്‍കുട്ടി, ആര്‍. ബിന്ദു, വിണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് മഴക്കാല പൂർവ്വ  മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം

More From Author

അഖിലേന്ത്യ ഫൈവ്‌സ് ടൂർണമെന്റ് മെയ് 17ന്‌

അഖിലേന്ത്യ ഫൈവ്‌സ് ടൂർണമെന്റ് മെയ് 17ന്‌

മോഹൻലാലിന് കലാഭവൻ മണി മെമ്മോറിയൽ അവാർഡ്.

മോഹൻലാലിന്  കലാഭവൻ മണി മെമ്മോറിയൽ അവാർഡ്

Leave a Reply

Your email address will not be published. Required fields are marked *