
കോഴിക്കോട്: മലയാളി ഗവേഷകയുടെ ഗവേഷണപ്രബന്ധം ലോകപ്രശസ്തമായ നേച്ചര്‍ ജേര്‍ണലില്‍. കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ അധ്യാപികയായ ഡോ. മഞ്ജു പെരുമ്പിലിന്റെ അതിസൂക്ഷ്മമായ ക്വാണ്ടം സെന്‍സറിനെക്കുറിച്ചുള്ള പഠനമാണ് നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത്.
ബഹിരാകാശത്ത് അനുഭവപ്പെടുന്ന ഏറ്റവും ചെറിയ ചലനവ്യതിയാനത്തെക്കുറിച്ച് അറിയാന്‍ സഹായകമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്ന ഈ ഗവേഷണത്തില്‍ ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെയും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകര്‍ക്കൊപ്പമാണ് മഞ്ജു പെരുമ്പില്‍ പഠനഗവേഷണത്തില്‍ ഏര്‍പ്പെട്ടതും പ്രബന്ധം തയ്യാറാക്കിയതും.
ദ്രവ്യത്തിന്റെ അഞ്ചാമത്തെ രൂപം ഉപയോഗിച്ചുള്ള സെന്‍സറുകളെപ്പറ്റി പഠിക്കുന്ന അന്തര്‍ദേശീയ ഗവേഷക സംഘത്തിലുള്‍പ്പെട്ട ആളാണ് ഡോ. മഞ്ജു പെരുമ്പില്‍.
ഇന്ത്യന്‍ ബഹിരാകാശ പരീക്ഷണങ്ങളും പര്യവേഷണങ്ങളും ഏറെ മുന്നോട്ടുപോയിരിക്കുന്ന കാലത്ത് ക്വാണ്ടം സാങ്കേതികവിദ്യാരംഗത്തെ ഏറ്റവും പുതിയ ഈ ഗവേഷണത്തിന് ഏറെ സാധ്യതകളാണുള്ളത്. മാത്രമല്ല ഏറെ പ്രാധാന്യമുള്ള ഈ ഗവേഷണത്തില്‍ പാശ്ചാത്യഗവേഷകര്‍ക്കൊപ്പം ഒരു ഇന്ത്യന്‍ ഗവേഷകയും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ഇതിന്റെ പ്രാധാന്യം.
ഈ അംഗീകാരത്തെ ഇന്ത്യന്‍ ശാസ്ത്രഗവേഷണ രംഗത്തിനും അഭിമാനകരമായ നിമിഷമായാണ് ഡോ. മഞ്ജു കാണുന്നത്. ശാസ്ത്രഗവേഷണരംഗത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സത്യേന്ദ്രനാഥ ബോസിന്റെ സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിക്കൂടിയാണ് ഈ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നതെന്നും പ്രസിദ്ധമായ ബോസ്-ഐന്‍സ്റ്റീന്‍ കണ്ടന്‍സേഎറ്റ് എന്നറിയപ്പെടുന്ന പ്രത്യേക ദ്രവ്യാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഗവേഷണത്തെ മുന്നോട്ടുകൊണ്ടുപോയതെന്നും ഡോ. മഞ്ജു വ്യക്തമാക്കുന്നു.
ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തല്‍, ഐന്‍സ്റ്റീന്റെ സിദ്ധാന്തങ്ങളുടെ പരീക്ഷണം, ഡാര്‍ക്ക് എനര്‍ജി, ഡാര്‍ക്ക് മാറ്റര്‍, ക്വാണ്ടം ഗുരുത്വാകര്‍ഷണം എന്നിവയുള്‍പ്പെടെ അടിസ്ഥാന ഭൗതികശാസ്ത്രത്തിലെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും ക്വാണ്ടം സെന്‍സര്‍ രംഗത്ത് ഡോ. മഞ്ജുവും സഹ ഗവേഷകരും നടത്തിയ പരീക്ഷണങ്ങള്‍ വലിയ സാധ്യതകള്‍ തുറക്കുന്നുണ്ട്.
ബഹിരാകാശ ദൗത്യങ്ങള്‍ക്കും ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കും വേണ്ടിയുള്ള കണ്ടെത്തലാണെങ്കിലും ഇത്തരം സെന്‍സറുകള്‍ ദുരന്തനിവാരണം, ധാതുപര്യവേഷണങ്ങള്‍, ഭൂഗര്‍ഭജലനിരീക്ഷണം, ജലഗതാഗതം തുടങ്ങിയ മേഖലയ്ക്കും ഭാവിയില്‍ സഹായകമാകും.
കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ എജ്യുക്കേഷന്‍ വിഭാഗത്തിലെ ഫിസിക്സ് അസി. പ്രൊഫസറാണ്. ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്. കേരള സര്‍ക്കാരിന്‍റെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അര്‍ഹയായിട്ടുണ്ട്. കൊയിലാണ്ടി സ്വദേശിനിയാണ്.