
കോഴിക്കോട് മെഡിക്കൽ കോളേജ് എംആർഐ സ്കാനിന്റെ യുപിഎസ് റൂമിൽ പുക കണ്ടെത്തിയതിനെ തുടർന്ന് അടച്ച സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് പ്രവർത്തനം പുനരാരംഭിക്കും.

എമർജൻസി വിഭാഗത്തിലെ എംആർഐ സ്കാൻ റൂമിലാണ് പുക കണ്ടെത്തിയത്. സാങ്കേതികമായ സമഗ്ര പരിശോധനയ്ക്ക് ശേഷം മാത്രം തുറന്നു പ്രവർത്തിച്ചാൽ മതിയെന്ന് തീരുമാനിച്ചിരുന്നു. സിവിൽ ഇലക്ട്രിക്കൽ വിഭാഗങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കുന്നതിന് വേണ്ടി സാങ്കേതിക വിദഗ്ധരുടെ സമിതി രൂപീകരിച്ചിരുന്നു. ഫയര്‍ & റെസ്ക്യൂ വിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, പൊതുമരാമത്ത് വിഭാഗം എന്നിവര്‍ ചേര്‍ന്ന സബ് കളക്ടർ അധ്യക്ഷനായ സമിതി പരിശോധിച്ചു.

സാങ്കേതികമായ എല്ലാ സർട്ടിഫിക്കറ്റുകളും നേടി സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. എംആര്‍ഐ, സിടി മറ്റ് സേവനങ്ങളും ഈ ബ്ലോക്കില്‍ ലഭ്യമാക്കുന്നതാണ്. സ്റ്റേറ്റ് തലത്തിൽ നടക്കുന്ന അവലോകനം കൂടാതെ ആശുപത്രി വികസന സമിതി അധ്യക്ഷൻ കൂടിയായ ജില്ലാ കളക്ടറുടെ ഏകോപനത്തിലും നിരന്തരമായ അവലോകനം നടത്തിയിരുന്നു. പ്രിൻസിപ്പലിന്റെയും സുപ്രണ്ടിന്റെയും നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ടീം നല്ല നിലയിൽ ഇടപെട്ട് പ്രവർത്തിച്ചു.